പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി.ഇതിന്റെ ആദ്യഘട്ടമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശിന്റെ മൊഴിയെടുക്കും. ചൊവ്വാഴ്‌ച ഹാജരാകാനാണ് നിർദ്ദേശം. കല്‍പ്പറ്റ പോലീസ് മുഖാന്തരമാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

അന്വേഷണം സിബിഐക്ക് കൈമാറി കൊണ്ടുള്ള കേന്ദ്ര ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് സിബിഐ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സിബിഐ എസ്‌പി ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പറ്റ ഡിവൈഎസ്‌പിയുമായും ഇവർ കൂടിക്കാഴ്‌ച നടത്തി.

ഇന്ന് ഉച്ചയോടെയാണ് സിബിഐ സംഘം എസ്‌പി ടി നാരായണനുമായി കൂടിക്കാഴ്‌ച നടത്തിയത്. പിന്നീടാണ് സിദ്ധാർത്ഥന്റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്‌പി ടിഎൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ കൂടിക്കാഴ്‌ച നടത്തിയത്. വയനാട് വൈത്തിരി റസ്‌റ്റ് ഹൗസിലാണ് ഇവരുടെ താല്‍ക്കാലിക ക്യാമ്പ്.

ഒരു എസ്‌പിയും ഡിവൈഎസ്‌പിയും രണ്ട് ഇൻസ്പെക്‌ടർമാരും അടങ്ങുന്നതാണ് അന്വേഷണ സംഘമെന്നാണ് സൂചന. ഒരാഴ്‌ചയോളം ഇവർ ജില്ലയില്‍ ഉണ്ടാവുമെന്നാണ് വിവരം. കേസ് അന്വേഷിച്ച സംഘത്തില്‍ ഇവർ ഫയലുകള്‍ ശേഖരിച്ചതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര സർക്കാർ ഇന്നലെ പുറത്തിറക്കിയിരുന്നു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ, കൊലപാതകം, ഗൂഢാലോചന എന്നിവ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഉത്തരവില്‍ ആവശ്യപ്പെടുന്നത്.നേരത്തെ സിബിഐ കേസ് ഏറ്റെടുക്കാൻ വൈകിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് സിദ്ധാർത്ഥന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് കേസില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.