പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്ന ആരോപണവുമായി എല്‍ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്.

ബിജുവിന്റെ വീട് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘രാഷ്ട്രീയ മുതലെടുപ്പിനായി പരമാവധി കുത്തിത്തിരിപ്പുണ്ടാക്കാൻ യുഡിഎഫ് ശ്രമിച്ചു. മൃതദേഹം സ്ഥലത്തുനിന്നും എടുക്കാൻ സമ്മതിക്കാതെ തടയാൻ ശ്രമിച്ചു. ധനസഹായം നല്‍കാതെ സംസ്കാരം അനുവദിക്കില്ലെന്നു ബഹളംകൂട്ടി.’ തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ…കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തെ സന്ദർശിച്ചു. ഡ്രൈവറായ തുലാപ്പള്ളി പുളിയൻകുന്നുമല പിആർസി മലയില്‍ കുടിലില്‍ ബിജുവാണ് തിങ്കളാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ബിജു ഒരു പരോപകാരിയായിരുന്നു. വന്യമൃഗ ആക്രമണംമൂലം ഈ പ്രദേശത്തെ പല വീടുകളും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. തങ്ങളുടെ വീടുകളുടെ സ്ഥിതിയറിയാൻ പലപ്പോവും ബിജുവിനെയാണ് മാറി താമസിക്കുന്നവർ വിളിക്കുക. ആനയും കടുവയും പുലിയുമെല്ലാം ഇറങ്ങുക സാധാരണ സംഭവമാണ്. സമീപപ്രദേശത്ത് എവിടെ ഇവ ഇറങ്ങിയാലും ഭയപ്പെടുത്തി ഓടിക്കാൻ മുന്നില്‍ നില്‍ക്കുക ബിജുവാണ്. ഇത്തവണ എന്തോ പിഴച്ചു.

ഭാര്യ ഡെയ്സി കുടുംബശ്രീ പ്രവർത്തകയാണ്. മൂന്ന് മക്കള്‍. മൂത്തയാള്‍ ദുബായില്‍ നേഴ്സാണ്. മരണവിവരമറിഞ്ഞ് ഭർത്താവും കുഞ്ഞുമായി നാട്ടില്‍ എത്തിയിരുന്നു. ആണ്‍മക്കള്‍ രണ്ടുപേരും പഠിക്കുകയാണ്. ഈ കൊച്ചുകുടുംബത്തിന്റെ ദു:ഖം ഒരിക്കലും തീരില്ല. അസാമാന്യ ധൈര്യത്തോടെ ഇവർ ഈ ദുരന്തത്തെ നേരിടുകയാണ്.രാഷ്ട്രീയ മുതലെടുപ്പിനായി പരമാവധി കുത്തിത്തിരിപ്പുണ്ടാക്കാൻ യുഡിഎഫ് ശ്രമിച്ചു. മൃതദേഹം സ്ഥലത്തുനിന്നും എടുക്കാൻ സമ്മതിക്കാതെ തടയാൻ ശ്രമിച്ചു. ധനസഹായം നല്‍കാതെ സംസ്കാരം അനുവദിക്കില്ലെന്നു ബഹളംകൂട്ടി. പ്രതിപക്ഷനേതാവും കൂട്ടരും വീട്ടിലെത്തി. അവരോടെല്ലാം ഡെയ്സി പറഞ്ഞു – ഞങ്ങളുടെ എംഎല്‍എ പറയുന്നതുപോലേ ചെയ്യൂ. അത്രയ്ക്ക് വിശ്വാസമാണ് എംഎല്‍എ പ്രമോദ് നാരായണനെ.തുടർന്നുള്ള സ്വീകരണയോഗത്തില്‍ ബിജുവിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് വന്യമൃഗശല്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കി. പന്നിയേയും മറ്റും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കൊല്ലുവാൻ കൃഷിക്കാരെ അനുവദിക്കണം. സ്ഥിരം ശല്യക്കാരായ കാട്ടാനകളെയും മറ്റും ആനക്കൊട്ടിലിലോ സഫാരി പാർക്കിലോ ബന്ധവസ്ഥമാക്കണം. കാട്ടില്‍ മൃഗങ്ങള്‍ക്കു വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം. കടലാക്രമണം തടയുന്നതിനുവേണ്ടി ചെയ്യുന്നതുപോലെ മൃഗശല്യമുള്ള വനാതിർത്തികളില്‍ ഉചിതമായ പ്രതിരോധം ഉയർത്തണം.