രണ്‍ബീർ കപൂറും ആലിയ ഭട്ടും ബാന്ദ്രയുടെ ഹൃദയഭാഗത്ത് ഒരു വീട് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഇരുവരുടേയും വീടിന്റെ നിർമാണം തുടങ്ങിയിട്ട് കുറച്ച്‌ കാലമായി.

ഇപ്പോഴിതാ ഈ വീട് ഒരു വയസുള്ള മകള്‍ റാഹ കപൂറിനായാണ് നിർമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.ഏകദേശം 250 കോടി രൂപയാണ് ഈ വീടിനായി ചെലവഴിക്കുന്നത്. ഇതോടെ ഷാരൂഖ് ഖാന്റെ മന്നത്ത്, അമിതാഭ് ബച്ചന്റെ ജല്‍സ എന്നീ ബംഗ്ലാവുകളെല്ലാം ഈ വീടിന് പിന്നിലാകും. കൂടാതെ ബോളിവുഡിലെ താരസന്തതികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ധനികയായി റാഹയെ ഈ വീട് മാറ്റുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ വീടിനൊപ്പം ബാന്ദ്രയില്‍ 60 കോടി രൂപയിലധികം വില വരുന്ന നാല് ഫ്ളാറ്റുകളും രണ്‍ബീറും ആലിയയ്ക്കും സ്വന്തമായുണ്ട്.രണ്‍ബീറിന്റെ അമ്മയും റാഹയുടെ മുത്തശ്ശിയുമായ നീതു കപൂർ ഈ വീടിന്റെ സഹഉടമസ്ഥയായിരിക്കുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നുണ്ട്.

അന്തരിച്ച നടനും രണ്‍ബീറിന്റെ പിതാവുമായ ഋഷി കപൂർ, നീതു കപൂറിനെ തന്റെ എല്ലാ സ്വത്തുക്കളുടേയും സഹഉടമസ്ഥയാക്കിയിരുന്നു. അതേസമയം നീതു കപൂറും ഈ അടുത്ത് ബാന്ദ്രയില്‍ ഒരു വീട് വാങ്ങിയിരുന്നു. 15 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം.250 കോടി രൂപയുടെ വീടിന്റെ നിർമാണം പൂർത്തിയാക്കിയാല്‍ നീതുവും രണ്‍ബീറും ആലിയയും റാഹയും അങ്ങോട്ടേക്ക് താമസം മാറുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവില്‍ ആലിയയും രണ്‍ബീറും റാഹയ്ക്കൊപ്പം മുംബൈയിലെ ‘വാസ്തു’ എന്ന അപാർട്മെന്റിലാണ് താമസിക്കുന്നത്