ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ശക്തമായ ആക്രമണം ഏഴ് മാസം പിന്നിട്ടിട്ടും ഹമാസിനെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തത് പലവിധ ചോദ്യങ്ങള്‍ക്ക് ഇടയാക്കുന്നു. ശക്തിയിലും തന്ത്രത്തിലും കൗശലമുള്ളവര്‍ എന്ന് കരുതുന്ന ഇസ്രായേല്‍ സൈന്യത്തിന് ചെറിയ പ്രദേശത്ത് മാത്രമുള്ള, എണ്ണത്തില്‍ വളരെ കുറഞ്ഞ സംഘമായ ഹമാസിനെ പരാജയപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്നാണ് ചോദ്യം.

ഇസ്രായേല്‍ സൈന്യം വീണ്ടും വടക്കന്‍ ഗാസയില്‍ ആക്രമണത്തിന് തയ്യാറാകുന്നു എന്നാണ് പുതിയ വിവരം. ഹമാസിനെ പൂര്‍ണമായി തുരത്തിയെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ട സ്ഥലമാണ് വടക്കന്‍ ഗാസ. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. യുദ്ധം ആരംഭിച്ച ഒക്ടോബറില്‍ നശീകരണ ബോംബുകള്‍ ഉപയോഗിച്ച മേഖല കൂടിയാണിത്.

ഈ മേഖലയില്‍ ഹമാസ് വീണ്ടും സംഘടിക്കുന്നു എന്ന വിവരമാണ് ഇസ്രായേല്‍ സൈന്യം തിരിച്ചെത്താന്‍ കാരണം. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാന്‍ ഇസ്രായേല്‍ സൈന്യത്തിന് സാധിക്കില്ല എന്ന പ്രചാരണത്തിന് ഇതിടയാക്കിയിട്ടുണ്ട്. ഇസ്രായേലിന് സമ്പൂര്‍ണ വിജയം നേടാനാകുമോ എന്ന് സംശയമാണെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി കര്‍ട്ട് കാംബല്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്.