ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളും പൂർത്തിയായി. ഈ സീസണിൽ‌ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ ആസ്വദിച്ചത് ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കായിരുന്നു. പത്ത് മത്സരാർത്ഥികളാണ് ടാസ്ക്കിൽ പങ്കെടുത്തത്. ഒമ്പത് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ബി​ഗ് ബോസ് നടത്തിയത്. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായത് അഭിഷേക് ശ്രീകുമാറാണ്.അതുകൊണ്ട് തന്നെ പത്താമത്തെ ടാസ്ക്ക് ബി​ഗ് ബോസ് നടത്തിയില്ല. ഒമ്പതാമത്തെ ടാസ്ക്ക് അൽപ്പം ഫിസിക്കൽ സ്ട്രങ്ത്ത് കൂടി ആവശ്യമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അൽപ്പം കയ്യാങ്കളിയും വഴക്കും മത്സരാർത്ഥികൾ തമ്മിലുണ്ടായി. ചോർച്ച സിദ്ധാന്തം എന്നതായിരുന്നു ഒമ്പതാമത്തെ ടാസ്ക്ക് മത്സരാർത്ഥികൾക്കെല്ലാം തെർമോകോൾ ബോളുകൾ നിറച്ച ചാക്കുകൾ നൽകിയിരുന്നു.

കൂടാതെ നിൽക്കാനൊരു ക്രമവും രണ്ട് വലിയ വൃത്തങ്ങളും ​ഗാർഡൻ ഏരിയയിൽ ഒരുക്കിയിരുന്നു. ബസർ ടു ബസറാണ് ടാസ്ക്ക് നടക്കുക. അവനവന്റെ ചാക്കുകൾ സംരക്ഷിച്ച് മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ ചാക്കിലെ തെർമോക്കോൾ ബോളുകൾ പുറത്ത് കളയണം. ഓരോ റൗണ്ടിലും ആരുടെ ചാക്കിലാണോ ഏറ്റവും കുറഞ്ഞ അളവിൽ തെർമോക്കോൾ ബോളുകൾ ഉള്ളത് അവർ പുറത്താകും എന്നതാണ് ടാസ്ക്ക്. ആദ്യത്തെ റൗണ്ടിൽ അഭിഷേക് പുറത്തായി.

പിന്നാലെ ജാസ്മിൻ, ശ്രീതു, നോറ എന്നിവർ പുറത്തായി. അർജുന്റെ ചാക്കിലെ തെർമോക്കോൾ ബോളുകൾ പുറത്ത് കളയേണ്ടത് നന്ദനയായിരുന്നു. അതിനായി നന്ദന കഴിവുപോലെ പരിശ്രമിച്ചു. അർജുന്റെ ചാക്കിന്റെ വള്ളികൾ പൊട്ടിയിരുന്നു. അതിനാൽ അത് കെട്ടാനുള്ള സമയം അർജുൻ നന്ദനയോട് ആവശ്യപ്പെട്ടുവെങ്കിലും നന്ദന വിടാതെ നിന്ന് ചാക്കിനുള്ളിൽ നിന്ന് തെർമോക്കോൾ ബോളുകൾ കളഞ്ഞുകൊണ്ടിരുന്നു.

അവസാനം രോഷം വന്ന അർജുൻ നന്ദനയെ വലിച്ച് നിലത്തിച്ചു. പുറം വശം അടിച്ച് നിലത്ത് വീണ നന്ദനയെ ഉടൻ‌ തന്നെ സായ് അടക്കമുള്ള സഹമത്സാർത്ഥികൾ ചേർന്ന് മെഡിക്കൽ റൂമിലാക്കി. ചാക്കിൽ പിടിച്ച് വലിച്ചപ്പോൾ ഡിഫന്റ് ചെയ്തതാണെന്നും എന്താണ് ചെയ്തതെന്ന് ഓർമയില്ലെന്നുമാണ് അർജുൻ സംഭവം വിശദീകരിച്ച് സഹമത്സരാർത്ഥികളോട് പറഞ്ഞത്. മെഡിക്കൽ റൂമിൽ നിന്ന് തിരികെ എത്തിയ നന്ദന ഏറെ നേരം കരഞ്ഞു.

ശേഷം അർജുന് കൈ കൊടുത്ത് പ്രശ്നങ്ങൾ കോംപ്രമൈസ് ചെയ്തു. ചാക്ക് കെട്ടാനുള്ള സമയം ചോദിച്ചിട്ടും അത് നൽകാതെ നന്ദന പിടിച്ച് വലിച്ചപ്പോൾ ട്രി​ഗർ ആയതുകൊണ്ടാണ് ഡിഫന്റ് ചെയ്തത് എന്നാണ് അർജുൻ ശ്രീതുവിനോടും ജാസ്മിനോടും പറഞ്ഞത്. നന്ദന എങ്ങനെയാണ് വീണത് എന്ന് പോലും ഓർമയില്ലെന്നും അർജുൻ പറഞ്ഞു.എന്നാൽ തന്റെ പ്രവൃത്തിയിൽ നന്ദനയ്ക്ക് പരിക്ക് വരുത്തി എന്നുള്ള തോന്നൽ അർജുനെ വിഷമിപ്പിച്ചു. അതുകൊണ്ട് തന്നെ പീപ്പിൾസ് റൂമിലിരുന്ന് അർജുൻ ഏറെ നേരെ പൊട്ടിക്കരഞ്ഞു. കഴിവതും സഹമത്സരാർത്ഥിയെ വേദനിപ്പിക്കാതെ ​ഗെയിം കളിക്കുന്ന മത്സരാർത്ഥിയാണ് അർജുൻ. അതുകൊണ്ട് തന്നെ അർജുനും നന്ദനയും തമ്മിൽ നടന്ന വഴക്ക് സഹമത്സരാർത്ഥികൾക്കും വിഷമമുണ്ടാക്കി.ജാസ്മിൻ, നോറ തുടങ്ങിയ മത്സരാർത്ഥികൾക്കും ചോർച്ച സിദ്ധാന്തം ടാസ്ക്കിനിടെ പരിക്കേറ്റിരുന്നു. ടാസ്ക്ക് വിജയിച്ചത് സിജോയായിരുന്നു. രണ്ടാം സ്ഥാനം സായ്ക്കും മൂന്നാം സ്ഥാനം നന്ദനയ്ക്കുമാണ് ലഭിച്ചത്.