ശനിയാഴ്ച പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി പി എമ്മിന്റെ വിലയിരുത്തലില്‍ എല്‍ ഡി എഫിന് 12 സീറ്റ് കിട്ടും എന്നാണ് നിഗമനം എന്ന് ഗോവിന്ദന്‍ പറഞ്ഞു.ഇപ്പോഴും അത് തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആ വിലയിരുത്തലില്‍ മാറ്റമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ല. എന്നാല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബി ജെ പി ജയിക്കുമെന്ന് ചില സര്‍വേകള്‍ ഉണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എല്‍ ഡി എഫിന് പൂജ്യം, യു ഡി എഫിന് 20 എന്നതായിരുന്നു താന്‍ പ്രതീക്ഷിച്ച എക്‌സിറ്റ് പോള്‍ സര്‍വേ എന്നും എന്നാല്‍ ബി ജെ പിക്കും കൂടി ഇടം കൊടുത്താണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നത് എന്നും ഗോവിന്ദന്‍ പറഞ്ഞു. ഇതിലൊന്നും വലിയ കാര്യമില്ല എന്നും എല്ലാം നാലാം തീയതി കാണാമെന്നും അദ്ദേഹം പറഞ്ഞു. പല എക്‌സിറ്റ് പോളുകളും ബി ജെ പി മൂന്ന് സീറ്റ് വരെ നേടുമെന്ന് പറയുന്നു.കേരളത്തിലെ ബി ജെ പി നേതാക്കള്‍ പോലും നടക്കുമെന്ന് കരുതാത്ത കാര്യമാണ് ഇത് എന്നും അതില്‍ തന്നെ പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എത്രമാത്രം പക്ഷാപാതപരമാണെന്ന് വ്യക്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സിറ്റ് പോളുകള്‍ പുറത്ത് വരുന്നതിന് മുന്‍പ് തന്നെ ഗോവിന്ദന്‍ അവ തങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കേരളത്തില്‍ 20 സീറ്റുകളിലും യു ഡി എഫും എല്‍ ഡി എഫിന് പൂജ്യവും എന്ന എക്‌സിറ്റ് പോള്‍ ഫലം വന്നാലും ഒരു പ്രശ്‌നവുമില്ല.

കേരളത്തിലെ മാധ്യമ ശൃംഖലയും അതുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോളും അങ്ങനെയാണ് എന്നും അതിനേയും അതിജീവിച്ച് മുന്നോട്ട് പോകാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്‍ പറഞ്ഞത്. അതേസമയം ഇന്ന് പുറത്ത് വന്ന എല്ലാ എക്‌സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രവചിച്ചിരിക്കുന്നത്. സീ വോട്ടര്‍ എല്‍ഡിഎഫിന് പൂജ്യം സീറ്റും ഇന്ത്യാ ടുഡേ 0-1 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.