രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും.പ്രവേശനോത്സവത്തിനായി സ്കൂളുകള്‍ ഇന്നലെ തന്നെ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ നേരത്തെ തന്നെ വൃത്തിയാക്കിയിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി പതിവ് പോലെ വിവിധ കലാപരിപാടികളാണ് എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയിരിക്കുന്നത്. ഈ വർഷം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ.