ഡല്‍ഹി: നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യില്ലെങ്കിലും പ്രധാനപ്പെട്ട 30 ഓളം മന്ത്രിമാരും പ്രധാനമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടത്. മന്ത്രിസഭയുടെ ആകെ അംഗബലം 78 നും 81 നും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.

ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നിവ ഉള്‍പ്പെടേയുള്ള നിർണ്ണായ വകുപ്പുകള്‍ വഹിക്കുന്നവ ഉന്നത മന്ത്രിമാരായിരിക്കും പ്രധാനമന്ത്രി മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യുക. ഘടകക്ഷികളായ ജെ ഡി യു, ടി ഡി പി എന്നിവർ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇവയെല്ലാം തന്നെ ബി ജെ പിയുടെ കൈവശം വെക്കും. സ്റ്റീൽ, സിവിൽ ഏവിയേഷൻ, കൽക്കരി തുടങ്ങിയ നിർണായക ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്നവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ ഔദ്യോഗിക സമയം വൈകുന്നേരം 7.15 മുതൽ 8 വരെയാണ്. അതായത് ചടങ്ങുകള്‍ 45 മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർക്ക് ഇന്ന് രാവിലെ മുതൽ സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിക്കും.തുടർച്ചയായ മൂന്നാം തവണയും അധികാരം ലഭിച്ചെങ്കിലും 10 വർഷത്തിനിടെ ഇതാദ്യമായാണ് ബി ജെ പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത്. ഇത് സത്യപ്രതിജ്ഞാ ചടങ്ങിലും മന്ത്രിസഭാ ഘടനയിലും പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സഖ്യകക്ഷികൾ, പ്രത്യേകിച്ച് ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്കുദേശം പാർട്ടിയും നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡും ഒന്നിലധികം മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദം ചെലുത്തുന്നു. മറ്റ് പാർട്ടികളെയും സർക്കാറില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമുണ്ട്.ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കളിൽ ബിജെപിയുടെ എൻഡിഎ സഖ്യകക്ഷികളുടെ പ്രതിനിധികളും ഉണ്ടാകും, അവരിൽ ചിലർക്ക് സുപ്രധാന മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. ടി ഡി പിക്ക് നാലും ജെ ഡി യുവിന് രണ്ടും മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവരെല്ലാം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് വ്യക്തമല്ല.