തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം എൽ എ സ്ഥാനം രാജിവച്ചു. വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച സാഹചര്യത്തിലാണ് നിയസഭാംഗത്വം രാജിവെച്ചത്. സ്പീക്കര്‍ എഎ ൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു.’വടകരയിൽ നിന്ന് ഒരു പാർലമെന്റ് അംഗമായി എന്നെ തിരഞ്ഞെടുത്തതിൽ അവിടുത്തെ രാഷ്ട്രീയ ബോധമുള്ള ജനങ്ങളോട് നന്ദി പറയുന്നു. വടകരയിൽ എനിക്ക് വലിയ സ്വീകാര്യത നേടിതന്നതിൽ പാലക്കാട്ടെ ജനങ്ങൾക്കും മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലെ അവരുടെ വിധിയെഴുത്തും എത്രത്തോളം എന്നെ സഹായിച്ചുവെന്നത് വാക്കാൽ പറയാനാകില്ല. നിയമസഭാംഗത്വം ഒരു സുപ്രധാന കാലയളവായിരുന്നു.

പാലക്കാട് നിന്ന് പഠിച്ച പാഠങ്ങൾ വടകരക്ക് വേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്താനും ഭരണഘടന മൂല്യങ്ങൾക്ക് വേണ്ടി ശബ്ദിക്കാനും എനിക്ക് പ്രാപ്തി തരുമെന്നാണ് വിശ്വാസം.പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ‘, ഷാഫി പറമ്പിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി ഇ ശ്രീധരനും ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി മണ്ഡലം നിലനിർത്തി. അതേസമയം ഷാഫിയുടെ അഭാവത്തിൽ ഇത്തവണ മണ്ഡലം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. ആഞ്ഞ് പിടിച്ചാൽ മണ്ഡലം കൂടെ പോരുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. പത്മജ വേണുഗോപാൽ അടക്കമുള്ളവരുടെ പേരുകളാണ് ബി ജെ പി പരിഗണിക്കുന്നത്.എന്നാൽ ലോക്സങ തിരഞ്ഞെടുപ്പിലെ കണക്കുകൾ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മണ്ഡലം നിലനിർത്തുമെന്നും കോൺ്രസ് പറയുന്നു. ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യു ഡി എഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ടിന്‍റെ ഭൂരിപക്ഷം അവർക്കുണ്ട്. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ ട്രെൻഡ് തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയിക്കാമെന്നാണ് കോൺഗ്രസ് പറയുന്നത്. സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ, വിടി ബൽറാം തുടങ്ങിയവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.