കുറ്റാന്വേക്ഷണ നോവലുകൾ ആസ്വാദർക്ക്‌ എന്നും ആവേശം നൽകുന്നവയാണ്. അതി സമർത്ഥന്മാരായ കുറ്റാന്വേക്ഷകരിലൂടെ കുറ്റകൃത്യങ്ങളുടെ ചുരുളഴിയിച്ചുകൊണ്ട്‌ എഴുത്തുകാരൻ കഥാഗതി മുന്നോട്ട്‌ കൊണ്ട്‌ പോകുമ്പോൾ വായന ആവേശകരമാകുന്നു. നോവലിലുടനീളം ആ ആവേശം വായനക്കാരനിൽ നിലനിർത്താൻ കഴിയുന്നിടത്താണു കഥാകൃത്തിന്റെ വിജയം. അത്തരത്തിൽ വളരെ മനോഹരമായ രീതിയിൽ ഒരു ക്രൈം ത്രില്ലർ നമുക്ക്‌ മുന്നിൽ അവതരിപ്പിക്കുകയാണു “റൂത്തിന്റെ ലോകം” എന്ന നോവലിലൂടെ ശ്രീ ലാജോ ജോസ്‌.
     റെഡ്രോഗ്രേഡ്‌ അംനീഷ്യ എന്ന കുറച്ച്‌ സമയത്തേക്കോ ദിവസങ്ങളോ മാത്രം ഓർമ്മകൾ നീണ്ട്‌ നിൽക്കുന്ന മറവി രോഗം ബാധിച്ച റൂത്ത്‌ റൊണാൾഡ്‌ എന്ന യുവതിയാണു നോവലിലെ കേന്ദ്രകഥാപാത്രം. ഒരു വാഹനാപകടത്തിലൂടെ മറവിരോഗത്തിന്റെ പിടിയിലകപ്പെടുന്ന റൂത്തിന് തുടർന്നുള്ള ജീവിതത്തിൽ സഹായകമാവുന്നത്‌ റൊണാൾഡ്‌ തോമസ്‌ എന്ന അവളുടെ ഭർത്താവും, അയാൾ ഏർപ്പെടുത്തിയ അശ്വനി എന്ന സഹായിയുമാണു. തന്റെ ജിവിതത്തിലെ ഓരോ മുഹൂർത്തങ്ങളും, മറ്റ്‌ പ്രധാന കാര്യങ്ങളുമെല്ലാം മറന്ന് പോവാതിരിക്കുവാൻ വേണ്ടി തന്റെ ഡയറിയിലും മൊബൈലിൽ വോയിസ്‌ ക്ലിപ്പായും രേഖപ്പെടുത്തിയായിരുന്നു റൂത്തിന്റെ ജീവിതം മുന്നോട്ട്‌ പോയിരുന്നത്‌.
     റൂത്തിന്റെ മനസിനു കൂടുതൽ സ്ട്രെസ്‌ നൽകുന്ന അവസരങ്ങൾ സൃഷ്ടിക്കരുതെന്ന ഡോക്റ്ററുടെ നിർദ്ദേശ പ്രകാരം റൂത്തിനെ ചിത്ര രചനയും, പാട്ടും തയ്യലുമെല്ലാം പഠിപ്പിക്കാൻ റൊണാൾഡ്‌ ശ്രമിക്കുന്നുണ്ടെങ്കിലും, ചിത്രരചനയാണു അവൾ തിരഞ്ഞെടുക്കുന്നത്‌. റൂത്തിന്റെ ചിത്ര  രചനയെ പ്രോത്സാഹിപ്പിക്കാനായ്‌ റൂത്ത്‌ വരയ്ക്കുന്ന ചിത്രങ്ങൾ അവളെക്കൊണ്ട്‌ തന്നെ ഒരു ആർട്ട്‌ ഗ്യാലറിയിൽ വിൽപ്പിക്കുകയും പിന്നീട്‌ റുത്ത്‌ അറിയാതെ അത്‌ തിരിച്ചെടുത്ത്‌ തന്റെ ഫാം ഹൗസിലെ സ്റ്റോറിൽ രഹസ്യമായ്‌ സൂക്ഷിക്കുകയും ചെയ്യുമ്പോൾ റൊണാൾഡിൽ നല്ലൊരു ഭർത്താവിനെ നമുക്ക്‌ കാണാൻ കഴിയുന്നത്‌. റൂത്ത്‌ – റൊണാൾഡ്‌ ദമ്പതികൾക്ക്‌ മക്കൾ ഇല്ലാഞ്ഞിട്ട്‌ കൂടിയും, മക്കളില്ലാത്ത വേദന അവളറിയാതിരിക്കാൻ വേണ്ടി റയാൻ, എമ്മ എന്നീ പേരുകളിൽ രണ്ട്‌ സാങ്കൽപ്പിക കഥാപാത്രങ്ങളെ റൂത്തിനു മുന്നിൽ വിദഗ്ദമായി തന്നെ റൊണാൾഡ്‌ അവതരിപ്പിക്കുന്നുണ്ട്‌. റൂത്തിന് യാതൊരു സംശയവും തോന്നാത്ത രീതിയിൽ അത്‌ ഫലപ്രദമായി മുന്നോട്ട്‌ കൊണ്ടുപോകാനും റൊണാൾഡ്‌ ശ്രദ്ധിക്കുന്നുണ്ട്‌.
     വളരെ സന്തോഷകരമായി മുന്നോട്ട്‌ പോയിരുന്ന അവരുടെ ജീവിതത്തിലേക്ക്‌, ഛായാ ഹെഗ്ഡേ എന്ന വിദ്ധ്യാർത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച്‌ അന്വേക്ഷിച്ചുകൊണ്ട്‌ റെഡ്ഡി, കാർത്തിക്‌ എന്നി പോലീസുദ്യോഗസ്ഥന്മാർ കടന്ന് വരുന്നതോടെ കഥ പുതിയ മാനങ്ങളിലേക്ക്‌ കടക്കുന്നു. കേസന്വേക്ഷണത്തിൽ സഹായത്തിനായ്‌ മീരാ യശോദര എന്ന ക്രിമിനൽ സൈക്കോളജിസ്റ്റും കൂടി രംഗപ്രവേശനം ചെയ്യുന്നതോടുകൂടി കഥ കൂടുതൽ ആവേശകരമാവുന്നു. ഛായയെ അവസാനമായി കണ്ടത്‌ റൂത്തിനൊപ്പമാണെന്നതിന്റെ സി സി ടിവി ദൃശ്യങ്ങളാണ് അന്വേക്ഷണ സംഘത്തെ അവൾക്ക്‌ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത്‌. തുടർന്ന് റൂത്ത്‌ നടത്തുന്ന അന്വേക്ഷണങ്ങളിലൂടെ വായനക്കാരനെ ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ കൂട്ടിക്കൊണ്ട്‌ പോവുകയാണു കഥാകൃത്ത്‌. റൂത്ത്‌, റൊണാൾഡ്‌ എന്നിവരുടെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട്‌ വളരെ വ്യത്യസ്ഥമായ രീതിൽ ശ്രീ ലാജോ ജോസ്‌ കഥ പറയുമ്പോൾ, ആരെയും ആകാംക്ഷയോടെ വായിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കൈം ത്രില്ലറായി മാറുകയാണു റൂത്തിന്റെ ലോകം.
     വളരെ ആസ്വാദ്യകരമായ ഒരു ക്രൈം ത്രില്ലർ എന്ന് നിസംശയം പറയുമ്പോഴും റൂത്ത്‌ ചെയ്ത കൊലപാതകങ്ങളുടെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ്‌ പൽവിക്ക്‌ തിരിച്ച്‌ നൽകിയതിനും, ആ ശവങ്ങൾ പതിവിനു വിപരീതമായ രീതിയിൽ മറവ്‌ ചെയ്തതിന്നും പിന്നിലെ യുക്തി എന്തായിരുന്നു എന്ന് മനസിലാവുന്നില്ല.ഇങ്ങിനെ ചില സംശയങ്ങൾ ബാക്കി വച്ചു എന്നതൊഴിച്ചാൽ, സമയം അനുവദിക്കുകയാണെങ്കിൽ ഒറ്റ ഇരുപ്പിൽ വായിച്ച്‌ തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള മനോഹര രചന.

….അഭിലാഷ്‌ മണമ്പൂർ….
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത്‌ മണമ്പൂർ സ്വദേശം. പതിനഞ്ച്‌ വർഷത്തോളമായി ഷാർജ്ജയിൽ ജോലി ചെയ്യുന്നു. വായന ഇഷ്ട വിനോദം.