തൃശൂർ: കരനെല്ലിൽ വിരിയുന്ന നടൻ ടൊവിനോ തോമസ്. പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചി സുരേഷ് ആണ് പുത്തൻ ആശയത്തിലൂടെ ടൊവിനോയെ വരച്ചെടുത്തത്. കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലത്ത് കരനെല്ല് ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രരചനയുടെ പുതിയ അധ്യായം കുറിച്ചത്.

വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങളും ശിൽപങ്ങളും രചിക്കുന്ന അന്വഷണയാത്രയിൽ ആണ് നെല്ല് കൊണ്ടും ചിത്രം സാധ്യമാക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. പ്രളയസമയത്തെ സേവനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ കുടിയേറിയ സിനിമാ താരമായതിനാലാണ് ടോവിനോയെ തെരഞ്ഞെടുത്തത്. ഹെലിക്യാം വ്യൂവിലൂടെ മാത്രം കാണുന്ന ചിത്രത്തിന്‍റെ നിർമാണ വീഡിയോ യൂട്യൂബിൽ കാണാം. കാമറയിൽ പകർത്തിയത് സിംബാദും ചാച്ചനും സഹായിയായി രാകേഷ് പള്ളത്തും കാർഷിക കൂട്ടായ്മയിലെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. നേരത്തേ വിറകുകൊണ്ട് ഇദ്ദേഹം പൃഥ്വിരാജിനെ വരച്ചിരുന്നു.