മലയാളത്തിലെ ലക്ഷണമൊത്ത നായികയായ ഇന്ദുലേഖ അവതരിച്ചിട്ട് 130 വർഷങ്ങളായിയെന്നത് കണക്കുകൂട്ടി അഭിമാനിക്കാനുള്ള വകയൊക്കെ നൽകുന്നുണ്ട്, എന്നാൽ ഇന്ദുലേഖയ്ക്ക് ശേഷം ആ ഗണത്തിൽ കൂട്ടാവുന്ന പെണ്ണുങ്ങളാരെങ്കിലും മലയാള സാഹിത്യത്തിൽ പിറന്നു വീണോയെന്ന് തിരക്കുമ്പോൾ അത്രയ്ക്ക് അഭിമാനിക്കാനുള്ള വകയൊന്നും കാണാനുമില്ല.
അടക്കവും ഒതുക്കവുമുള്ള പെണ്ണെന്ന സങ്കൽപം സൃഷ്ടിച്ചതും പരിപാലിക്കുന്നതും ആണധികാര സ്ഥാനങ്ങളുടെ പരിപാലനത്തിന് വേണ്ടിയായിരുന്നിരിക്കണം. പൊട്ടിച്ചിരിക്കുന്ന, പൊട്ടിക്കരയുന്ന, പൊട്ടിത്തെറിക്കുന്ന പെണ്ണുങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്നത് ഉൾക്കൊള്ളാനുള്ള മാനസിക പാകത പ്രത്യക്ഷത്തിൽ മലയാളി കൈവരിച്ചുവെങ്കിലും, അകത്തളങ്ങളിൽ ഇപ്പോഴും കടിച്ചമർത്തുന്ന സ്ത്രൈണ വികാരങ്ങളുടെ വേലിയേറ്റങ്ങൾ തന്നെയാണുള്ളത്.
സംബന്ധമെന്നത് അഭിമാനമായും അവകാശമായും കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യർക്കിടയിൽ നിന്നും ഇന്ദുലേഖയെ സൃഷ്ടിച്ചെടുക്കാൻ ചന്ദുമേനോൻ കാണിച്ച ആർജ്ജവമൊന്നും അതിന് ശേഷം വന്നവരാരും കാണിച്ചിട്ടില്ല. നമ്പൂതിരിമാർക്കും രാജകുടുംബാംഗങ്ങൾക്കും സംബന്ധം കഴിക്കാനുള്ള ഉത്‌പന്നങ്ങൾ മാത്രമായി സ്ത്രീകളെ നിലനിറുത്തിയിരുന്ന കാലഘട്ടത്തിൽ, അത്തരമൊരു സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്യാൻ ശേഷിയുള്ള സ്ത്രീയെ വാർത്തെടുത്തുവെന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ ഔന്നിത്യം.
സ്ത്രീകൾക്ക് വിദ്യാഭ്യാസവും പുറംകാഴ്ച്ചകളും നിഷിദ്ധമായിരുന്ന കാലത്ത് നിന്നാണ് ഇന്ദുലേഖ കടന്നു വന്നതെങ്കിലും, പ്രതിരോധിക്കാനും പ്രതിഷേധിക്കാനും ഇന്ദുലേഖയ്ക്ക് തുണയായത് അവൾക്ക് ലഭിച്ച വിദ്യാഭ്യാസവും അതിലൂടെ നേടിയെടുത്ത ബൗദ്ധികമായ ചിന്താശേഷിയുമാണ്. പ്രതികരിക്കാനും സമൂഹത്തെ വിചാരണ ചെയ്യാനും ശേഷിയുള്ള നായികയെ അവതരിപ്പിച്ചതിനാൽ ചന്ദുമേനോന്റെ നോവൽ പ്രസിദ്ധീകരിക്കാൻ പ്രസാധകർ തയ്യാറാകാതിരുന്നതും, ഒടുവിൽ അദ്ദേഹം നോവൽ സ്വന്തമായി പ്രസിദ്ധീകരിച്ചതും, നൂറാണ്ടുകൾക്കിപ്പുറവും നോവൽ നിരന്തരം വായിക്കപ്പെടുന്നതിനെയുമാണ് ചരിത്രമെന്ന് വിളിക്കേണ്ടത്.
എതിർപ്പുകൾ ഉയർത്തുന്നത് മാത്രമാണ് ഫെമിനിസമെന്ന് കരുതുന്ന ആധുനിക വനിതകൾ ഇന്ദുലേഖയിലേക്ക് നോക്കുന്നത് നന്നായിരിക്കും, മനസ്സിനും ശരീരത്തിനും ആവശ്യമായ ഇഷ്ടങ്ങളെ തുറന്നു പറയാൻ സ്ത്രീക്കും അവകാശമുണ്ടെന്ന് കരുതുന്നതായിരുന്നു ഇന്ദുലേഖയിലെ ഫെമിനിസം. മാധവനോട് പോലും ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ മറുപടി പറഞ്ഞു എതിർപ്പുയർത്തുന്ന ഇന്ദുലേഖയ്ക്ക് തന്റെ പ്രണയമൊന്നും അതിന് തടസ്സമായിരുന്നില്ലായെന്നതാണ് ശ്രദ്ധേയം.
നമ്പൂതിരിമാരുമായുള്ള സംബന്ധങ്ങൾ അഭിമാനമായി കണ്ടിരുന്ന സമൂഹത്തിൽ അത്തരം അഭിമാനങ്ങൾക്കും മുകളിലാണ് സ്വന്തം സ്ത്രീത്വമെന്ന് പ്രഖ്യാപിച്ച സ്ത്രീയാണ് ഇന്ദുലേഖ. ആധുനിക ഫെമിസിസ്‌റ്റ് വാദങ്ങളുടെ വേദപാഠമെന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന പുസ്തകവും കഥാപാത്രവും ഇന്ദുലേഖ മാത്രമാണ്.
ഇന്ദുലേഖയ്ക്ക് മുൻപും ശേഷവും ഇന്ദുലേഖ മാത്രമേയുള്ളുവെന്നതാണ് മലയാള സാഹിത്യവും സമൂഹവും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, സാമൂഹ്യമായി ഏറ്റവും വലിയ വെല്ലുവിളികൾ സ്ത്രീകളുടെ ജീവിതത്തിലുണ്ടായിരുന്ന കാലഘട്ടത്തെ ഒരു സ്ത്രീയിലൂടെ തന്നെ ചോദ്യം ചെയ്തുവെന്നതാണ് ഇന്ദുലേഖയുടെ പ്രസക്തിയെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാകേണ്ടത്.
ആധുനികവത്കരിക്കപ്പെട്ട സമൂഹത്തിൽ സ്ത്രീ സ്വാതന്ത്രയും, സാമ്പത്തികമായും സാംസ്കാരികമായും സ്വയംപര്യാപ്‍തയും ആയിരിക്കുമ്പോഴും, പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന സ്ത്രീയെ അഹങ്കാരിയെന്ന് മുദ്ര കുത്തി പുറത്താക്കാൻ കൂട്ട് നിൽക്കുന്നവരിൽ സ്ത്രീകളും കൂടിയുണ്ടെന്നതാണ് രസകരം. ഇവർക്കിടയിലാണ് ഇന്ദുലേഖയുടെ പ്രസക്തി വർദ്ധിക്കുന്നതും, അത്തരം സ്ത്രീകളെക്കുറിച്ചുള്ള വായനകളും എഴുത്തുകളും സജീവമായി നിലനിറുത്തേണ്ടതിന്റെ ആവശ്യകതയേറുന്നതും.
ജാതിവാലുകൾ നീട്ടിപ്പിടിച്ച് അഭിമാനിക്കുന്ന സമൂഹമായി മലയാളികൾ പരിവർത്തനം ചെയ്യപ്പെടുന്നതിനെയും സൂക്ഷ്മമായി തന്നെ നോക്കികാണേണ്ടതാണ്. സമകാലികമായി സംഭവിച്ചിട്ടുള്ള പലതരം രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലും ചേരിതിരിഞ്ഞു പൊരുതിയത് സ്ത്രീകളായിരുന്നു, വൈകാരികമായി ചൂഷണം ചെയ്യാവുന്ന വിഭാഗമായി സ്ത്രീകളെ നിലനിറുത്തുകയെന്ന ലക്ഷ്യം ഇത്തരം സംഭവങ്ങളിൽ ഉണ്ടോയെന്നും തിരയുന്നത് നന്നായിരിക്കും. 
വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ വെല്ലുവിളികൾ ഒരേസമയം ഏറ്റെടുക്കേണ്ടി വന്നിട്ടും പിന്തിരിയാതെ നിവർന്ന് നിന്ന് പ്രതിരോധിച്ച ഇന്ദുലേഖയ്ക്ക് പിന്മുറക്കാരെ സൃഷ്ടിക്കാൻ ശ്രമിക്കാതിരുന്നതാണ് സാംസ്‌കാരിക കേരളം നേരിടുന്ന പുതിയ പ്രതിസന്ധികൾക്ക് കാരണം.
സ്ത്രീയുടെ പ്രണയവും ശരീരവും മാത്രം വിഷയങ്ങളാകുന്ന എഴുത്തുപുരകളിൽ നിന്ന്, സ്ത്രീയുടെ അഭിമാനവും ആർജ്ജവും കൂടി വിഷയങ്ങളാകുന്ന സൃഷ്ടികളുണ്ടാകണം. സമസ്തമേഖലയിലും പുരുഷനൊപ്പം പ്രവർത്തിക്കുന്ന സ്ത്രീകളുള്ള സമൂഹത്തിൽ എഴുതപ്പെടേണ്ടത് കണ്ണുനീരിൽ കുളിച്ച കിനാവുകളുടെ കഥകളല്ല, പൊരുതി നേടി നിവർന്ന് നിൽക്കുന്ന ആധുനിക ഇന്ദുലേഖമാരുടെ കഥകളാണ് !.

….ദിലിപ്രസാദ്‌ സുരേന്ദ്രൻ….

സാമൂഹ്യ മാധ്യങ്ങളിലെ രചനകളിലൂടെ ശ്രദ്ധേയൻ, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എഴുതുന്ന കൈയടക്കമുള്ള എഴുത്തുകളിലൂടെ ധാരാളം വായനക്കാരെ നേടിയിട്ടുണ്ട്.

ഭാരതീയ ഇതിഹാസ പുരാണങ്ങളെ ആധുനിക ജീവിത ശൈലിയുമായി ബന്ധപ്പെടുത്തി വിലയിരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും, മഹാഭാരതത്തിലെ പ്രശസ്തവും അപ്രശസ്തവുമായ കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു സ്വാഭാവികമായ രീതിയിൽ കഥാപാത്ര വിശകലനം നടത്തുകയും ചെയ്യുന്നു.
19 വർഷമായി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഓയിൽ ഫീൽഡ് കമ്പനികളിൽ തൊഴിൽ ചെയ്യുന്ന ദിലിപ്രസാദ്‌ സുരേന്ദ്രൻ ഭാര്യയോടും മകനോടും മകളോടുമൊപ്പം തിരുവനന്തപുരം തോന്നയ്ക്കലുള്ള വാലികോണത്താണ് സ്ഥിരവാസം.