നേര്‍ത്ത നിലാവൊഴുകുന്ന രാത്രിയില്‍
പുഴയിലെ കുഞ്ഞോളങ്ങളിലൂടെ ഒഴുകി നടക്കുന്ന
ചന്ദ്രന്‍റെ മുഖത്ത് അരിച്ചു കയറുന്ന വിഷാദനിറം
എന്തിനെന്നറിയില്ല.

നക്ഷത്രങ്ങളും…നേര്‍ത്ത നിലാവും…..ഇളംതെന്നലും
ഒന്നു ചേര്‍ന്ന്,
മനസ്സില്‍ ഒരിക്കലും തോരാത്ത
സ്വപ്നങ്ങളുടെയും ഓര്‍മ്മകളുടെയും നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട്, വിഷാദത്തിന്‍റെ തോണിയുമായ്
യാത്രയയക്കുന്നതെന്തിനെന്നുമറിയില്ല

നിറഞ്ഞൊഴുകുന്ന നിലാവില്‍ വിരഹം നൊമ്പരമായ് പടരുമ്പോള്‍ , 
ഈ രാവിനു പോലും മനസ്സില്‍
ഉഷ്ണം നിറക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ
നീയറിഞ്ഞില്ല ! 

നിന്‍റെ നിഴല്‍ കാണുമ്പോള്‍
എന്‍റെ മനസ്സില്‍ വിരിഞ്ഞ മഴവില്ലുകളെ കുറിച്ച്,
അകലങ്ങളിലൂടെ അപരിചിതത്വത്തിന്‍റെ 
നീണ്ട ഇടനാഴിയിലൂടേ അകന്നകന്നു പോകുമ്പോഴും…
പരാതിയോ പരിഭവമോ ഇല്ലാതെ പിന്തുടരുന്ന മിഴികളില്‍ ഇന്ന്
മീനച്ചൂടില്‍ ഉരുകിയുണങ്ങിയ വിളയില്ലാ പാടങ്ങളുടെ വരള്‍ച്ച മാത്രമേ നിനക്ക് കാണാന്‍ കഴിയൂ.

ഇനിയൊരു പുതുമഴ പെയ്താലും,
ജീവന്‍റെ തുടിപ്പ് കരിഞ്ഞുണങ്ങി,
പുനര്‍ജ്ജനിക്കാനാവാതെ മണ്ണോടലിഞ്ഞു തുടങ്ങിയ
സൌഹൃദമെന്ന വിത്തിനൊരു ചരമഗീതവും കുറിച്ച് ഞാനുറങ്ങുകയാണ്.

ഒരിക്കലുമുണരാതിരിക്കില്ല ഞാന്‍ .
ഉണരുമ്പോള്‍‍ ,
കാര്‍മുകിലുകളെ ഉദരത്തില്‍ നിറച്ചുവെച്ചൊടുവില്‍ ..
പെയ്തൊഴിഞ്ഞ ആകാശത്തിന്‍റെ ആശ്വാസവും, സുഖവും
ഹൃദയത്തിലൊഴുകിയെത്തുന്നതുവരെ
എനിക്കുറങ്ങിയേ മതിയാവൂ..!
…മനു കുന്നത്ത്….
പ്രവാസിയാണ്.കുടുംബസമേതം ദുബായിലാണ്. HSE ആയി ജോലി ചെയ്യുന്നു. സുലേഖ ഹോസ്പിറ്റലിൽ ഭാര്യ ശരണ്യ ലാബ് ടെക്നീഷ്യനാണ്.നിഹാരയും നൈനികയും മക്കളാണ്. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ സാന്നിധ്യമായ എഴുത്തുകാരൻ തൃശ്ശൂർ സ്വദേശിയാണ്.