മരിച്ചവന്റെ മുഖപുസ്തകത്തിലേക്ക്‌
നിങ്ങളെപ്പോഴെങ്കിലും 
പോയിട്ടുണ്ടോ?
ഒരിക്കൽ, ആ ഒരിക്കൽ മാത്രം 
ഞാൻ പോയിട്ടുണ്ട്‌.!


ഒരു നോവ്‌ നെഞ്ചിനുള്ളിൽക്കിടന്നു പെരുകും.
തൊണ്ടവരളും.
നിന്നനിൽപ്പിൽ കാൽമുട്ടിൽ 
നിന്നൊരു തരിപ്പ്‌ മുകളിലേക്കുയരുമ്പോൾ നമ്മൾ 
മരണത്തെ ഭയക്കും.
ഞാൻ ഭയന്നപോലെ.!
അത്തരത്തിലാണ് മരിച്ചവന്റെ
മുഖപുസ്തകം നമ്മെ ഉറ്റുനോക്കുന്നത്‌.


ഒരു ദീർഘനിശ്വാസത്തോടെ 
മരിച്ചവന്റെ മുഖപുസ്തകത്തിലേക്ക്‌ 
വീണ്ടും സഞ്ചരിക്കുമ്പോൾ
ഞാനൊരു കാറ്റിനായി കാതോർക്കും.
ഒരു പുഞ്ചിരിക്കായി കൊതിക്കും.
ആ നിമിഷം മരിച്ചവൻ 
തന്റെയൊരു  ചിത്രത്തിലൂടെ എന്നെ നോക്കി ചിരിക്കും.
ദൈവമേ.!
അവന്റെ കണ്ണുകളിലേക്ക്‌ രണ്ട്‌ നക്ഷത്രങ്ങൾ ആഴ്‌ന്നിറങ്ങി പോകുന്നത്‌ ഞാൻ കാണും.!


ആ കാഴ്ച മുറിയുന്നതിനു മുമ്പുതന്നെ 
എന്റെയുള്ളിൽ കവിതയുടെ പെയ്ത്തുതുടങ്ങും.
ഒരു കടലാസ്സുക്കഷ്ണത്തിനും,പേനക്കും പരതി, ഒടുവിൽ
കൈയ്യിൽ തടയുമ്പോൾ 
കുറിച്ചിടുന്ന വരികൾ
ഹൃദയത്തിലേക്കൊരു മഞ്ഞുത്തുള്ളിയായി കടന്നുപോകും.


എഴുതിയ അക്ഷരങ്ങൾ പിന്നീട്‌ ഞാൻ
മണത്തുനോക്കാറുണ്ട്‌.
മരണത്തിന്റെ കറുപ്പിൽ
എഴുതിയ കവിതകൾക്കൊരു
ശവത്തിന്റെ തണുപ്പും,
സാമ്പ്രാണിത്തിരിയുടെ ഗന്ധവുമാണ്.


ഒരിക്കലെങ്കിലും നിങ്ങളോരോരുത്തരും 
മരിച്ചവന്റെ മുഖപുസ്തകത്തിലേക്കു പോവുക.
മരണപ്പെട്ടവന്റെ ആത്മാവ്‌ 
കൈയൊപ്പ്‌ ചാർത്തിയ മുഖപുസ്തകമാണ് 
നിങ്ങൾക്കു മുന്നിലെന്നു മനസ്സിലാവുന്നതുവരെ നോക്കുക.
…..അരുണ അഭിലാഷ്‌……

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനടുത്ത്‌ മണമ്പൂർ സ്വദേശം.കുടുംബവുമൊത്ത്‌ ഷാർജ്ജയിൽ താമസിക്കുന്നു .ആനുകാലികങ്ങളിലും,സോഷ്യൽ മീഡിയയിലും സജീവമായി കവിതകൾ എഴുതാറുണ്ട്‌.കഴിഞ്ഞവർഷം നെസ്റ്റാൾജിയ സർഗ്ഗഭാവന സംഘടിപ്പിച്ച കവിതാ മത്സരത്തിൽ രണ്ടാസ്ഥാനത്തിനു അർഹമായിട്ടുണ്ട്‌.
ഭർത്താവ്‌ : അഭിലാഷ്‌ മണമ്പൂർ.
മക്കൾ : ആദിനാഥ്‌
              ആദിദേവ്‌