ഞാൻ ആരെന്നോ  ?? !!


അത് പറയും മുന്നേ എനിക്ക് പറയാൻ ഉള്ളത് അവനെ പറ്റിയാണ് .. 
കുട്ടിത്തം വിട്ടുമാറാത്ത കണ്ണുകളും നീണ്ട നാസികയും വെട്ടിയൊതുക്കിയ മീശയും  വെള്ളാരം കണ്ണുകൾ ഇറുക്കി അടച്ചു ചെറു പുഞ്ചിരി കൊണ്ട് എന്നിലെ എന്നെ ഉണർത്തിയവൻ എന്റെ പ്രിയപെട്ടവൻ.


ആദ്യമായി അവനെ കാണുന്നത് ബസ്സ് സ്റ്റോപ്പിൽ വെച്ചായിരുന്നു ഒരു ചാറ്റൽ മഴയത് നനഞ്ഞ വസ്ത്രം വീശി ഉണക്കുന്ന എന്നിലേക്ക് ആരോ ഒരാളുടെ മിഴികൾ നീളുന്നത് ശ്രദ്ധിക്കുന്നത് അവന്റെ പുഞ്ചിരി എത്ര വശ്യമനോഹരം ആയിരുന്നു. 


കൺപീലികളിൽ തുളുമ്പാൻ നിൽക്കുന്ന  മഴതുള്ളികൾ തുടച്ചു ഞാൻ അവനെയും  അവൻ എന്നെയും നോക്കി.. 


ആദ്യമായി ഒരു പുരുഷൻ എന്നെ ശ്രദ്ധിക്കുന്നു… 


ശരീരം ആകെപൂത്ത്‌ ഉലഞ്ഞ വസന്തമാകുന്നു. അതുപോലെ തന്നെ അടിവയറ്റിൽ നിന്നൊരു തീനാളം ശരീരമാകെ പടരുന്നത് പോലെ.. 
പിന്നീട് ആ കണ്ണുകളിൽ നിന്നുള്ള ചാട്ടുളി പോലുള്ള നോട്ടം കാണാൻ എത്ര കൊതിച്ചു അവനെ കാണാത്തപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയും  അനുഭവിച്ചു .. 


അടുത്ത് വന്നു പേര് ചോദിച്ചപ്പോൾ  സപ്തനാഡികളും തളർന്നു വാക്കുകൾ മുറിഞ്ഞു പറഞ്ഞത് അവനു മനസിലായികാണുമോ ?!!
പാർക്കിന്റെ ഒഴിഞ്ഞു മുലയിൽ ആദ്യമായി അവൻ വിരൽ തോട്ടപ്പോൾ  ഭൂമിയിലും ആകാശത്തും ഞങ്ങൾ മാത്രമായി  സ്വർഗ്ഗങ്ങൾ തീർത്തു.

 
സിനിമ തിയറ്ററിന്റെ ഇരുട്ടിൽ ഞാൻ അവനു മാതാവായി അവൻ എന്റെ മാത്രമായ മകനുമായ നിമിഷങ്ങൾ.. 


ഹോട്ടൽ മുറിയുടെ ശീതളയിൽ ഉഴുത് മറിച്ചിട്ട മണ്ണിൽ  വർഷം കൊതിക്കുന്ന പുൽനാമ്പായി ഞാൻ മാറുമ്പോൾ  എന്നിലേക്ക് ചേർത്ത് പിടിച്ചു അവന്റെ കാതിൽ ഞാൻ പറഞ്ഞു. 
 “”ഈ ജന്മവും ഇനിയുള്ള ജന്മവും നിന്നിലൂടെ മാത്രം അറിഞ്ഞാൽ മതി.. “


എത്ര പകലുകൾ അവന്റെ വിയർപ്പുകൾ എന്റെ നെറ്റിയിൽ  പതിച്ചു അവന്റെ ഓർമ്മയില്ല..  ഞാൻ ഒരു അപ്പുപ്പൻ താടി പോലെ പറക്കുകയായിരുന്നു.. 


എന്റെ ലോകം അവനിലേക്ക് മാത്രം ചുരുങ്ങിയ ദിവസങ്ങൾ എവിടെ നോക്കിയാലും അവൻ മാത്രം.. 


ഒറ്റയ്ക്കിരുന്ന് ചിരിച്ച് സംസാരിക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു.. 
“”പെണ്ണിനെ കല്യാണം കഴിച്ചു വിടാൻ സമയമായി.. “”


അവന്റെ ഫോൺ കോൾനായി കാത്തിരുന്ന നിമിഷങ്ങൾ യുഗങ്ങളായി പരിണമിച്ചിരുന്നു . 
കണ്ണുകൾ അവനു വേണ്ടി ബസ്സ്‌ സ്റ്റോപ്പിന്റെ  മൂലയിൽ തിരഞ്ഞു കൊണ്ട്ണ്ടിരുന്നു  .. 


അലസമായ  ഒരു യാത്രയിൽ അവൻ മറ്റൊരു ബസ്സ് സ്റ്റോപ്പിൽ മറ്റൊരു പെൺകുട്ടിയെ നോക്കുന്നത് കണ്ടപ്പോൾ ആദ്യമായി ഹൃദയത്തിൽ വലിയൊരു ഭാരം കയറ്റി വച്ചൊരു വേദന..


 ഞാൻ അവനെ തിരയുമ്പോൾ അവൻ മറ്റൊരു ഇരയെ തിരയുകയായിരുന്നു.. 


അനുഭവങ്ങൾ പുതിയ നൊമ്പരങ്ങൾ തരുന്നത് അവന്റെ ശീലം ആയിരുന്നല്ലോ.. !! 


അച്ഛന്റെ കണ്ണുനീർ അമ്മയുടെ ശാപവാക്കുകൾ  മുറിയുടെ ഭിത്തികൾ തട്ടി ആരവം മുഴുകിയ രാപകലുകൾ അവനെ ഒരു നോക്ക് കാണാൻ കൊതിച്ചു..
 എന്നിൽ നീ മാത്രം ജനിച്ചു എന്ന്  നിന്റെ നെഞ്ചോട് മുഖം ചേർത്ത്  പറയാൻ കൊതിച്ചു…


കാത്തിരിപ്പിന്റെ അവസാനം മോർച്ചറിയുടെ കണ്ണ് മഞ്ഞളിക്കുന്ന വെളിച്ചത്തിൽ ആദ്യമായി എനിക്ക് നാണം വന്നു.. 
അപരിചിതരായ  രണ്ടു പുരുഷനമാർ എന്റെ നഗ്ന ശരീരത്തിന് അളവു കോലുകൾ  വിവരിച്ചു അടക്കി ചിരിക്കുന്നു .. 
തുറിച്ചിരുന്ന എന്റെ കണ്ണുകൾ അവർ തിരുമ്മി അടക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്നു. 


പുറത്തേക്ക് നീട്ടിയ അവസാനം നിന്റെ പേര് മാത്രം വിളിച്ച എന്റെ നാവ് താടിയെല്ല് അകത്തി   അകത്തു ഇട്ടു മുറുക്കെ കെട്ടി വച്ചു…
വില കുറഞ്ഞ പൗഡർ ഇട്ടു കറത്തു പോയ എന്റെ മുഖം അവർ വെളുപ്പിച്ചു.. 


 വെളുത്ത തുണിയിൽ പൊതിഞ്ഞു കറുത്ത പെട്ടിയിലേക്ക് എന്നെ എടുത്തു കിടത്തിയപ്പോൾ അവർ പറയുന്നത് കേട്ടു.
“”നല്ലൊരു കുട്ടിയായിരുന്നു അനുഭവിക്കാൻ യോഗം ഇല്ലാത്തയായിപ്പോയി “”


കരഞ്ഞു തളർന്ന അമ്മയുടെ ആലിംഗനത്തിൽ നിന്നും ആരൊക്കൊയോ എന്നെ തെക്കേ പറമ്പിലെ ചിതയിലേക്ക് എടുക്കുമ്പോൾ  ഞാൻ  എന്നിൽ നിന്നും വേർപെട്ടു പോയിരുന്നു. 
നിന്നെ മാത്രം തിരഞ്ഞു  ഉരുകുന്ന എന്റെ ആത്മാവിനെ ഏഴിലംപാല കൈകൾ ചേർത്ത് പിടിച്ചു അവളിലേക്ക് ചേർത്ത് അണച്ചു.. 


അകലങ്ങളിലേക്ക് ഞാനും എന്റെ ശരീരവും അകന്ന് പോകുമ്പോൾ  താഴെ പച്ചമാവിന്റെ വിറകിൽ എന്റെ ശരീരത്തിലേക്ക് അഗ്നി  താണ്ഡവ നൃത്തം തുടങ്ങിയിരുന്നു .. 


അവയുടെ സ്വർണ്ണവർണ്ണത്തിൽ  അസ്ഥികൾ വെളുത്ത അക്ഷരങ്ങൾ മാത്രമായിതെളിഞ്ഞു നിന്നു.. 


ഞാൻ ആരെന്ന് അല്ലേ  നിങ്ങളുടെ ചോദ്യം..  ?


പുരുഷവർഗ്ഗത്തിന്റെ അബോധതലത്തിൽ  മാദകഗന്ധം പേറി രാത്രിയുടെ യാമത്തിൽ ഓർക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു പാവം  ആത്മാവ്.
യക്ഷി…. 

….ബിജു മഹേശ്വരൻ…