അളവിൽ കൃത്രിമം കാട്ടി അമിത ലാഭമുണ്ടാക്കാൻ ഇലക്ട്രോണിക് ചിപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൊലീസും ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ  പൂട്ടിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി മാത്രം ടാങ്കിലേക്ക് എത്തിക്കുന്ന രീതിയിൽ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ അറിയിച്ചു.

ഇന്ധനം നിറയ്ക്കുമ്പോൾ ഡിസ്‌പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്. ഇതിനായി പ്രോഗ്രാം സെറ്റ് ചെയ്ത ഐസി ചിപ്പ് ഘടിപ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഒമ്പത്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

പമ്പുടമകളുടെ അറിവോടെ അന്തർ സംസ്ഥാന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.  ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് പമ്പുടമകൾ നടത്തിയതെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ ഏലൂർ സ്വദേശികളായ ബാഷ, ബാബ്ജി ബാബ, മദാസുഗുരി ശങ്കർ, ഐ മല്ലേശ്വർ റാവു എന്നിവരെ പൊലീസ് പിടികൂടി. ബാഷയിൽ നിന്നും 14 ഐ.സി ചിപ്പുകൾ, എട്ട് ഡിസ്പ്ലേകൾ, മൂന്ന് ജിബിആർ കേബിളുകൾ, ഒരു മദർബോർഡ്, ഒരു ഹ്യുണ്ടായ് ഐ 20 കാർ എന്നിവ കണ്ടെടുത്തു.

ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിലെ ഒൻപത് പമ്പുടമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേർ  ഒളിവിലാണ്. ചിപ്പ് വിതരണം ചെയ്ത മുംബൈ സ്വദേശികളായ ജോസഫ്, ഷിബു തോമസ് എന്നിവരും ഒളിവിലാണ്. ചിപ്പ് സ്ഥാപിക്കാൻ 80,000 മുതൽ 1,20,000 രൂപ വരെയാണ് പമ്പ് ഉടമകളിൽ നിന്നും ബാഷയുടെ സംഘം ഈടാക്കിയിരുന്നത്.

വാഹനങ്ങളിൽ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയുമെങ്കിലും പ്ലാസ്റ്റിക് കുപ്പികളിൽ വാങ്ങുന്നവർക്ക് കൃത്യമായ അളവിൽ അത് ലഭിച്ചിരുന്നു. ഇതിനായി രണ്ടു തരത്തിലുള്ള സംവിധാനവും പമ്പുകളിൽ ഒരുക്കിയിരുന്നു.അതുകൊണ്ടു തന്നെ തട്ടിപ്പ് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.