. വാസ്തു ശരിയല്ലെന്ന കാരണം പറഞ്ഞ് ഉപേക്ഷിച്ച പഴയ ഗേറ്റ് തിരിച്ചറിയാന്‍ പറ്റാത്തവിധം കെട്ടിമറച്ച ശേഷമാണ് പുതിയ കവാടത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ കൗണ്‍സില്‍ കാലയളവില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് പുതിയ ഗേറ്റ് നിര്‍മ്മിച്ചത്. ഇതിനുപിന്നാലെയാണ് പഴയഗേറ്റിന്റെ വാസ്തു ശരിയല്ലെന്ന കാരണം പറഞ്ഞ് ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പുതിയ കവാടത്തിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുന്നത്.
മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രത്തിലേക്കുള്ള കവാടമാണിത്. കവാടത്തിന് മുന്‍വശത്തെ റോഡിലെ ടാര്‍ കുത്തിപ്പൊളിച്ച് ടൈലും പാകുന്നുണ്ട്. കോര്‍പ്പറേഷനിലേക്കുള്ള പ്രവേശനത്തിനായാണ് നിലവിലെ രണ്ട് ഗേറ്റകളും ഉപയോഗിക്കുന്നത്. തിരിച്ചിറങ്ങുന്നതിനു വേണ്ടിയാണ് പുതിയ കവാടം എന്നാണ് അധികൃതരുടെ ന്യായീകരണം. 7.8 ലക്ഷമാണ് പുതിയ കവാടത്തിന്റെ നിര്‍മ്മാണച്ചെലവ്. കൊവിഡ് പ്രതിസന്ധികാരണം സാമ്പത്തികമായി നട്ടം തിരിയിരുന്ന സാഹചര്യത്തില്‍ ഗേറ്റിന്റെ നിര്‍മ്മാണം നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, പുതിയ ഗേറ്റ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ ഭാഗത്ത് ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. മ്യൂസിയം ജംഗ്ഷന്‍, നന്ദന്‍കോട് എന്നിവിടങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് ഗേറ്റിലൂടെ വരുന്ന വാഹനങ്ങള്‍ തടസമുണ്ടാക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.