തങ്ക വര്‍ണ്ണം ചാലിച്ച വെളുത്ത കുണ്ടളപ്പുഴുക്കളെ വെള്ളത്തില്‍ കഴുകിയെടുത്ത് അയാള്‍ സുതാര്യമായ പ്ലാസ്റ്റിക് കവറിലേയ്ക്ക് ഇട്ടു. കുറെ നേരം അവയെ നോക്കി തൃപ്തിപ്പെട്ടു. അതിരാവിലെയെത്തി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പുളിമരത്തിന്റെ തണലിലും ചാണകത്തടങ്ങളിലും കുഴിച്ച് കുണ്ടളപ്പുഴുക്കളെ മോചിപ്പിച്ച് പ്ലാസ്റ്റിക് കവറിലാക്കി താലോലിക്കുന്നതിന്റെ രഹസ്യം ഇനിയും വ്യക്തമായില്ലേ? ഇവയെ ചൂണ്ടയില്‍ കൊരുത്ത് കൊഴുത്ത പുഴ മത്സ്യങ്ങളെ പിടിക്കുന്നത് മോശയുടെ ജനന ദൌത്യമാണു. വരാല്‍ , മുശി, ആരകന്‍ തുടങ്ങിയ ജനപ്രീയ മത്സ്യങ്ങളെ പുഴയില്‍ നിന്ന് മോചിപ്പിച്ച് ജനസഹസ്രങ്ങളുടെ ആമാശയസ്രവങ്ങളെ തൃപ്തിപ്പെടുത്തുക എന്ന മഹത്തായ കര്‍മ്മം നിരന്തരം ചെയ്തു പോരുന്ന അയാള്‍ കുട്ടികള്‍ക്ക് എന്നും അനുകരണീയനായിരുന്നു. കുണ്ടളപ്പുഴുവിനെപ്പേടിയുള്ള കുട്ടികള്‍ മണ്ണിരയെക്കൊരുത്ത് ചെറിയ മീനുകള്‍ക്കായി മോശയ്ക്കൊപ്പം ചൂണ്ടയിട്ടു. ചെറിയ മീനുകള്‍ക്ക് ചെറിയ ഇര വലിയ മീനുകള്‍ക്ക് വലിയ ഇര- മോശയുടെ കല്പനകളില്‍ ഒരേ ഒരു കല്പന.

മോശയുടെ പിതാവ് ചെല്ലപ്പന്‍ ആദ്യകാലങ്ങളില്‍ മതപരിവര്‍ത്തനത്തിനു വിധേയനായ നാട്ടുകാരനായിരുന്നു. ചെല്ലപ്പനും ഭാര്യയും ആറ് മക്കളും ക്രിസ്ത്യാനികളായി മാമോദീസ മുങ്ങി. ചെല്ലപ്പന്റെ പുതുക്കിയ പേരു മത്തായി.  ബൈബിളിലെ ആദ്യപാഠങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഏറ്റവും ആകര്‍ഷിക്കപ്പെട്ട പ്രവാചകനും ന്യായാധിപനും , സൈന്യാധിപനുമായിരുന്ന മോശ, മത്തായിയെ വല്ലാതെയങ്ങ് ആകര്‍ഷിച്ചു. ആ വര്‍ഷം ഭൂജാതനായ തന്റെ മകനു മോശ എന്ന പേരല്ലാതെ എന്താണു വിളിക്കുക?

യഹൂദ അടിമകളെ മീസ്രേം ദേശത്തു നിന്ന് മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയായ കാനാന്‍ ദേശത്തേയ്ക്ക് നയിച്ചത് ചരിത്ര പുരുഷനായ മോശയാണെങ്കില്‍ , കുണ്ടപ്പുഴുക്കളെ ചാണകക്കുഴികളില്‍ നിന്നും , കമ്പോസ്റ്റുകളില്‍ നിന്നും മോചിപ്പിച്ച് പ്ലാസിക് കവറിലേയ്ക്കും പിന്നീട് മത്സ്യങ്ങളെ തുള്ളിത്തുളുമ്പി മോഹിപ്പിക്കുന്ന ഇരയായും നയിച്ചത് ഇങ്ങ് കേരളത്തിലെ ഈ മോശയാണു. തെങ്ങുകളെ കാര്‍ന്നു തിന്ന് നശിപ്പിക്കുന്ന കൊമ്പന്‍ ചെല്ലിയുടെ ജീവിത ചക്രത്തില്‍ നിന്നും കുണ്ടളപ്പുഴുക്കള്‍ക്ക് മോക്ഷം നല്‍കുന്ന പുണ്യപ്രവൃത്തി!


ആരായിരുന്നു മോശ? സ്വന്തം അമ്മ ഒരു തൊട്ടിലിലാക്കി പ്രാര്‍ത്ഥനകളില്‍ മുഴുകുമ്പോള്‍ കണ്ണും തുറിച്ച് ഉറങ്ങാതെ കിടന്ന പിഞ്ചുപൈതല്‍. കൂലിപ്പണിക്കാരനും , സത്യകൃസ്ത്യാനിയുമായ ചെല്ലപ്പന്റെ പുത്രനായി ജനിച്ച് വളര്‍ന്ന് അതേ പൈതൃകം ഉള്‍ക്കൊണ്ട ബാലന്‍. പത്തന്‍പത് വര്‍ഷം കുണ്ടളപ്പുഴുക്കളള്‍ക്കും , പുഴമത്സ്യങ്ങള്‍ക്കും മോക്ഷം നല്‍കിയ ജന്മം. പുഴക്കരയില്‍ ചൂണ്ടയിട്ട് ജീവിതം നിശബ്ദനാക്കിയ മനുഷ്യന്‍. ഒരു കര്‍മ്മം പോലെ ജനതയ്ക്ക് രുചിയേറിയ മത്സ്യം എങ്ങനെയെത്തിക്കാമെന്ന് അന്യന്റെ വസ്തുക്കള്‍ മനസ്സുകൊണ്ടുപോലും മോഹിക്കാതെ അഹോരാത്രം കഷ്ടപ്പെട്ട അത്യധ്വാനി. പുഴകളെ കീറിമുറിച്ച് അനായാസം അക്കരെയിക്കരെ പാഞ്ഞെത്തുന്ന നീന്തല്‍ക്കാരന്‍. ചൂണ്ടക്കാര്‍ക്ക് പത്ത് കല്പനകള്‍ നല്‍കിയ ആധുനിക പുഴമത്സ്യചൂണ്ടക്കാരന്‍ , അവനത്രേ മോശ. എങ്കിലും അവന്‍ സാധാരണക്കാരനായിരുന്നു. മടക്കിക്കുത്തിയ കൈലിയില്‍ കടഞ്ഞെടുത്ത കറുത്ത ശരീരം , അതിരാവിലെ കൂന്താലിയേന്തി കുണ്ടളപ്പുഴുവിനെത്തിരഞ്ഞ് നടന്നവന്‍ . പൊരിവെയിലത്ത് പുഴയില്‍ ചൂണ്ടയിട്ട് അസാധാരണകരുത്തുമായി പുഴക്കരയില്‍ അവനിരുന്നു.. മോശ.


പുഴ നീന്തിക്കടക്കുന്നത് മോശയ്ക്ക് ഒരു ഹരമായിരുന്നു. അക്കരെയാണു ഇനിയും സുവിശേഷം കൂടാത്ത രാമന്‍ മാമന്‍. ഇടയ്ക്ക് മാമനും കൂടും ചൂണ്ടയിടാന്‍. അക്കരെ നിന്ന് പിടിക്കുന്ന മുഴുവന്‍ മീനും മാമനു നല്‍കി മോശ തിരിച്ചു പോരും. പണ്ട് വലിയ ചൂണ്ടക്കാരനായിരുന്ന മാമനു സുഖമില്ല. അത്യാവശ്യം കൃഷിയും ഉണ്ടായിരുന്നു. ഇന്ന് അതിനും പാങ്ങില്ലാതെയായി. ഉള്ള വസ്തു വകകള്‍ വിറ്റ് ആകെയുള്ള മകള്‍ സീതയെ കല്യാണം ചെയ്തയക്കണം . പിന്നെ മരിക്കണം. അതായിരുന്നു മാമന്റെ ആഗ്രഹം. സീതേച്ചി..അങ്ങനെയേ മോശ വിളിക്കൂ.

സീതയെക്കെട്ടാന്‍ മോശയുടെ ചേട്ടന്‍ യോഹന്നാനെ ആലോചിച്ചതാണു. മതം മാറാന്‍ സീതയ്ക്കും രാമന്‍ മാമനും താല്പര്യമില്ലാത്തോണ്ട് ആ ആലോചന മുടങ്ങി. അതിന്റെ ഒരു കെറുവ് മത്തായിക്കുണ്ട്. മാതാപിതാക്കന്മാരെ ബഹുമാനിക്കണമെന്ന കര്‍ത്താവിന്റെ കല്പന കാറ്റില്‍പ്പറത്താതെ തന്നെ മോശ ആരുമറിയാതെ പുഴകടന്ന് രാമന്‍ മാമനെ കാണാൻ പോയി!

പത്തിരുപത് കിലോമീറ്റര്‍ അപ്പുറത്തൂന്ന് ഒരു ആലോചന സീതയ്ക്ക് വന്നു. വാര്‍ക്കപ്പണിയുടെ മേല്‍നോട്ടമായിരുന്നു പയ്യന്. സുമുഖന്‍. ഉണ്ടായിരുന്ന പൊന്നും പണവും വസ്തു വിറ്റ് ഉണ്ടാക്കി കല്യാണം നടത്തി. മുന്തിയ കുടിയനായ അയാള്‍ കിട്ടിയ പൊന്നും പണവും തീര്‍ത്ത് ഒരു മാസത്തിനുള്ളില്‍ സീതയെ അയാള്‍ തിരികെ കൊണ്ടു വിട്ടു. അയാള്‍ വേറേ വിവാഹം കഴിച്ച വാര്‍ത്തയറിഞ്ഞ് രാമന്‍ മാമന്‍ കിടപ്പിലായി.പിന്നെ അങ്ങനെ കിടന്ന് തന്നെ മരിച്ചു. ഇതെല്ലാം കണ്ട് മോഷ്ടിക്കയും കള്ള സാക്ഷി പറയാതെയും ജീവിച്ച മോശയുടെ മനഃസാക്ഷി എരിപൊരികൊണ്ടു.


മോശ അയാളെത്തിരക്കിയിറങ്ങി. അയാളുടെ നാട്ടിലെ ചായക്കടയില്‍ സീതയുടെ കെട്ട്യോന്‍ വീണ്ടും കല്യാണം കഴിച്ച പെണ്ണിനെ കളഞ്ഞതും , അടുത്ത വിവാഹത്തെപ്പറ്റിയുള്ള ചര്‍ച്ചകളും ചായ ഊതിക്കുടിച്ചുകൊണ്ട് കേട്ടു. ഒരു വര്‍ക്ക് സൈറ്റില്‍ കാര്യസ്ഥനായി ജോലി ചെയ്യുകയാണെന്ന് അറിഞ്ഞവിടെയെത്തി. പുറത്ത് കാത്തു നിന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് അയാള്‍ ബൈക്കില്‍ പാഞ്ഞു പോയി. മോശ നടന്നു. നേരെ ചാരായ ഷാപ്പിലേയ്ക്ക്. മോശയുടെ ഊഹം തെറ്റിയില്ല. അയാള്‍ ഷാപ്പിലുണ്ടായിരുന്നു. മോശയെ അയാളുടെ മറവി മറച്ചു കളഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞ് വൈകുന്നേരം മോശ വീണ്ടും ആ നാട്ടിലെത്തി . രണ്ടു കുപ്പി ചാരായം വാറ്റുകാരന്‍ ചക്കിയില്‍ നിന്നും വാങ്ങി അയാളുടെ വഴിയില്‍ കാത്തു നിന്നു. ചാരയക്കുപ്പി പൊക്കി ബൈക്കിനു കൈകാണിച്ചു . കുപ്പി കണ്ടതും ബൈക്ക് നിന്നു.


“കണ്ട്രാക്കേ..എനിക്ക് എന്തെങ്കിലും ജോലി വേണം.” അയാള്‍ കൈയ്യിലിരുന്ന ചാരായക്കുപ്പികളേയും മോശയേയും അയാള്‍ മാറി മാറി നോക്കി പുഞ്ചിരിച്ചു.


“നല്ല വാറ്റാണെങ്കില്‍ നോക്കാം..”


“മുന്തിയതാണു..പൂച്ചയിട്ട് വാറ്റിയതാണ്, കൂടെ കഴിക്കാന്‍ മൊട്ട പുഴുങ്ങിയതുമുണ്ട് ”


“വാ കേറ്” അയാളുടെ കാലും നാവും ഒരേപോലെ കുഴഞ്ഞിരുന്നു. ബൈക്ക് പോയി നിന്നത് വര്‍ക്ക് സൈറ്റിലേയ്ക്കായിരുന്നു.

കണ്ട്രാക്ക് കുപ്പിയോടെ ചാരായം വിഴുങ്ങുന്നത് കൈകെട്ടി നിന്ന് മോശ പ്രോത്സാഹിപ്പിച്ചു. പൊതിയച്ച് മുട്ട പുഴുങ്ങിയത് എടുത്ത് നീട്ടി.


“നീ നാളെ മുതല്‍ പണിക്ക് വന്നോ..!”


പിറ്റേന്ന് രാവിലെ പണിക്ക് വന്നവരാണ് കണ്ട്രാക്ക് തലപൊട്ടി ചത്ത് കിടക്കുന്നത് കണ്ടത്. കുടിച്ച് ബോധമറ്റ് മുകളില്‍ നിന്ന് വീണു മരിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വന്നു.രണ്ടു ദിവസം കഴിഞ്ഞ് പുഴ നീന്തിക്കടന്ന് അയാള്‍ സീതേച്ചിയെ കാണാന്‍ ചെന്നു.


“അറിഞ്ഞില്ലേ.. അയാള്‍ കുടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു..” അതു പറയുമ്പോള്‍ മോശയുടെ കണ്ണിലെത്തിളക്കം സീത ശ്രദ്ധിച്ചതേയില്ല. കൊല്ലരുത് എന്ന കല്പന ഒരു ക്ഷുദ്രജീവിയായ കൊമ്പന്‍ ചെല്ലിയെ കൊന്നതുപോലെ കരുതി അയാള്‍ തിളച്ചു നിന്നു.


പെറ്റുകിടക്കുന്ന പെണ്ണുങ്ങള്‍ പുഴമത്സ്യം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന നാട്ടു വൈദ്യന്മാരുടെ ഉപദേശം മോശയെത്തേടിയെത്താന്‍ ഭര്‍ത്താക്കന്മാരെ പ്രേരിപ്പിച്ചു. ചില വീടുകളില്‍ സ്ഥിരമായും മത്സ്യം നല്‍കിപ്പോന്നു. മുപ്പത് കഴിഞ്ഞ മോശയുടെ മീന്‍ പിടിത്തത്തിലുള്ള വൈദഗ്ധ്യം അടുത്തറിഞ്ഞ പതിനാറുകാരി വത്സല പേരും മാറ്റി ‘എസ്തേര്‍’ ആയി മാമോദീസയും മുങ്ങി നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്എന്ന കല്പന മുറുകെപ്പിടിച്ച് മോശയുടെ നല്ലപാതിയായി. എസ്തേര്‍ നാലു പ്രാവശ്യം പെറ്റു കിടന്നു. അപ്പോഴെല്ലാം പുഴമത്സ്യങ്ങള്‍ പൊരിച്ചും കരിച്ചും കറി വെയ്ച്ചും അയാള്‍ അവള്‍ക്കു നല്‍കി. മോശയുടെ സ്നേഹത്തില്‍ അവള്‍ അഭിമാനം കൊണ്ടു. പുരുഷനായാല്‍ ഇങ്ങനെ ജനിക്കണമെന്ന് അവള്‍ക്ക് തോന്നി. മോശയുടെ സ്നേഹമാണു അവള്‍ക്ക് ആകെയുള്ള ദൌര്‍ബല്യം. ഇടയ്ക്ക് മോശക്കൊപ്പം മീന്‍ പിടിക്കാന്‍ അവളും പോയിത്തുടങ്ങി. നാലഞ്ച് ചൂണ്ടകള്‍ കിടന്ന പുഴയില്‍ പത്തോളം ചൂണ്ടകള്‍ സ്വൈര വിഹാരം നടത്തുന്നു.


വര്‍ഷം പത്ത് പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. കുട്ടികളെ സ്കൂളില്‍ അയച്ച് മോശയും എസ്തേറും പുഴക്കരയിലെ മണലില്‍ മീനും പിടിച്ച് കൊച്ചുവര്‍ത്താനവും പറഞ്ഞ് മുന്നോട്ട് പോകവേ കാലവും കര്‍ത്താവും ഒത്തുചേര്‍ന്ന് അവര്‍ക്ക് ഒരു വലിയ സമ്മാനമേകി. മോശക്ക് ഓണം ബംബര്‍ ലോട്ടറി അടിച്ചു. അതും ഒന്നാം സമ്മാനം. പത്ത് ലക്ഷം ഉറുപ്യ . അന്നത്തെക്കാലത്തെ ഒരു വലിയ തുക. ഈ വാര്‍ത്ത നാട്ടിലെ മത്സ്യസ്നേഹികളെ സന്തോഷിപ്പിക്കയും സങ്കടപ്പെടുത്തുകയും ചെയ്തു. സങ്കടമെന്താണെന്നു വച്ചാല്‍ മോശ മീന്‍ പിടുത്തം നിര്‍ത്തുമോ എന്നുള്ള ആശങ്ക മാത്രമായിരുന്നു. മത്സ്യ പ്രേമികള്‍ മോശയെ നേരില്‍ക്കണ്ട് അഭിനന്ദനമറിയിച്ചു. ബാങ്കുകാരും നേരിട്ടെത്തി ടിക്കറ്റ് വാങ്ങി. അക്കൂട്ടത്തില്‍ ചിലര്‍ മോശ മുതലാളിയെന്ന് വരെ സംബോധന ചെയ്തത് എസ്തേറിനു നന്നേ ബോധിച്ചു. സന്ദര്‍ശകര്‍ക്കെല്ലാം പാല്‍ക്കാപ്പിയും കൊഴക്കട്ടയും നല്‍കി സന്തോഷമാക്കി വിടാനും അവര്‍ മറന്നില്ല.


പിന്നെ മാറ്റങ്ങളുടെ കാലമായിരുന്നു. പഴയ ഓലപ്പുരയുടെ സ്ഥാനത്ത് ഒരു ചെറിയ ടെറസ്സ് വീട് വന്നു. തടിമില്ലില്‍ നിന്ന് നേരിട്ട് നല്ല വിളഞ്ഞ തേക്കുതടി ഒരെണ്ണം വാങ്ങി അറുത്ത് പലകയും ചട്ടങ്ങളും റെഡിയാക്കി. കട്ടിലിന്റെ പണിക്ക് കിഴക്കുനിന്ന് ആശാരി ദിവാകരനും മകന്‍ ജയനും എത്തി. തടിപ്പണിക്ക് വന്ന ദിവാകരനു ഒരാഴ്ചക്കുള്ളില്‍ ആസ്മയുടെ കടുത്ത ഉപദ്രവം തുടങ്ങി. അയാള്‍ തിരികെപ്പോയി. ആശാരിച്ചെക്കന്‍ ജയന്‍ പണി ഏറ്റെടുത്തു. ഒരു അമ്പാസിഡര്‍ ടാക്സി വാങ്ങാനുള്ള ആശയം ഡ്രൈവര്‍ കുഞ്ഞപ്പനാണു മുന്നോട്ട് വച്ചത്. നല്ല ആശയം. ദിവസവും വരുമാനവുമാകും. കുഞ്ഞപ്പന്‍ തന്നെ തരപ്പെടുത്തിയ പഴയ അമ്പാസിഡര്‍ കാര്‍ വാങ്ങി കുഞ്ഞപ്പന്‍ തന്നെ ടൌണിലിട്ട് ഓടിച്ചു, കുഞ്ഞപ്പന്‍ തന്നെ കിട്ടുന്ന കാശ് കൂലിയെടുത്തിട്ട് മോശയെ ഏല്‍പ്പിച്ചു. മോശ എസ്തേറിനെയും. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണമെന്ന കല്പനയനുസരിച്ച് സകുടുമ്പം വേണാങ്കണ്ണിയിലും, ചില സുവിശേഷ പ്രസംഗങ്ങള്‍ കേള്‍ക്കാനും അമ്പാസിഡര്‍ കാറില്‍ പോയി. അതല്ലാതെ ആ കാറുമായി അയാള്‍ക്ക് ഒരു ബന്ധവുമില്ല. എല്ലാം എസ്തേറിന്റെ പേരില്‍ത്തന്നെ.
മീന്‍ പിടുത്തം നിര്‍ത്തിയോ എന്ന ആശങ്കകളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ചൂണ്ടകളുമായി പുഴക്കരയില്‍ വീണ്ടും മോശയിരുന്നു. അഹംഭാവമോ അഹങ്കാരമോയില്ലാത്ത മോശ .

ലോട്ടറി അടിച്ച ശേഷം എസ്തേര്‍ ചൂണ്ടയിടാന്‍ കൂടെയുണ്ടായില്ല. ഇടക്ക് പുഴ നീന്തി അക്കരയ്ക്ക് പോയി മോശ സീതയെ കണ്ടു. അവള്‍ക്ക് പണവും വീട്ട് സാധനങ്ങളും വാങ്ങി നല്‍കി. കെട്ട്യോന്‍ ഉപേക്ഷിച്ച അവള്‍ക്ക് മോശ ഒരു ആശ്വാസമായിരുന്നു. ഇനിയുമൊരു വിവാഹത്തെപ്പറ്റി അയാള്‍ മിക്കപ്പോഴും സീതേച്ചിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇനി ഈ വയസ്സ് കാലത്ത് ഒരു ബാധ്യതയും വേണ്ടായെന്ന് സീത കട്ടായം പറഞ്ഞു നിന്നു. ചില ആലോചനകള്‍ മോശ തന്നെ നേരിട്ട് കൊണ്ടുവന്നു. മോശയെക്കുറിച്ച് മോശമായ ചിലത് എസ്തേറിന്റെ ചെവിയിലുമെത്തി. വ്യഭിചാരം ചെയ്യരുത് എന്ന കല്പന അയാള്‍ ലംഘിച്ചുവോയെന്ന് അവള്‍ സംശയിച്ചു.


പണിതിട്ടിരുന്ന കട്ടിലുകള്‍ കണ്ട് ചിലര്‍ വന്ന് കൊടുക്കുന്നുണ്ടോയെന്ന് തിരക്കി. വില്‍ക്കാനില്ല വേണമെങ്കില്‍ വേറേ പണിഞ്ഞു തരാമെന്ന് എസ്തേര്‍. അഡ്വാന്‍സ് വാങ്ങി വീണ്ടും കട്ടിലു പണി തുടങ്ങി.കട്ടിലുകള്‍ മാത്രമല്ല കുറേ കസേരകളും പണിയണമെന്ന് ആശാരിച്ചെക്കന്‍ പറഞ്ഞത് എസ്തേര്‍ ശരിവച്ചു. കട്ടിലുകള്‍ക്കും കസേരകള്‍ക്കും ആവശ്യക്കാര്‍ കൂടി. ലാഭമുള്ള ബിസിനസ്സ് തന്നെ. കട്ടിലു വാങ്ങുന്നവരോട് കര്‍ത്താവിന്റെ നാമത്തില്‍ തടിവില കൂടിയതിനെ പിടിച്ച് ആണയിട്ട എസ്തേറിനോട് ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത് എന്ന കല്പന മോശ ഓര്‍മ്മിപ്പിച്ചു. കര്‍ത്താവിന്റെ കല്പന്കള്‍ സ്വയമോര്‍ക്കുന്നത് നന്നായിരിക്കുമെന്ന് എസ്തേര്‍ ആദ്യമായിയും പരുഷമായും മറുപടി നല്‍കി. മോശയുടെ മനസ്സില്‍ പഴയ കൊലപാതകം കൊളുത്തി വലിച്ചു.


ആശാരിച്ചെക്കന്‍ ജയന്‍ പുഴമീന്‍ പൊരിച്ചതും കറിവച്ചതും കൂട്ടി ചോറ് വലിച്ചു വാരിത്തിന്നു. ആര്‍ത്തി കണ്ട് എസ്തേര്‍ വീണ്ടും വിളമ്പിക്കൊടുത്തു. വൈകുന്നേരം കാപ്പിയും കുടിച്ച് ഇരുട്ടുവോളം അയാള്‍ ചിന്തേരിട്ട ഉളികളെ കൊട്ടുവടിയാല്‍ കണക്കറ്റ് പ്രഹരിച്ചു. അത്യുത്സാഹത്തോടെ തടി മിനുക്കിയെടുക്കുന്ന ആശാരിച്ചക്കനെ ഇടക്കിടയ്ക്ക് വന്ന് എസ്തേര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. പണികഴിഞ്ഞ് ചാരായം മോന്തി വരുമ്പോള്‍ ഇറച്ചി വരട്ടിയതും, കപ്പയും നല്‍കി അവള്‍ സന്തോഷിപ്പിച്ചു . രാത്രി ആശാരിച്ചെക്കന്‍ താല്‍കാലിക ഷെഡില്‍ ഉറങ്ങി. പകല്‍ എസ്തേറിനൊപ്പവും.


മോശ പുഴക്കരയിലെ പൊരി വെയിലില്‍ ചൂണ്ടയില്‍ കൊരുത്ത് മത്സ്യങ്ങളെ കൂടയിലേയ്ക്ക് മാറ്റുന്ന തിരക്കിലായിരുന്നു. അക്കരെ നിന്ന് സീത വിളിക്കുന്നു.


“കൂയ്…” തിരികെ ഒരു കൂകല്‍ സമ്മാനിച്ച് അയാള്‍ പുഴ നീന്തിക്കടന്നു. ഊണ് തയ്യാറാക്കിയുള്ള വിളിയാണ്. ഇപ്പോള്‍ എസ്തേര്‍ താമസിച്ചേ എഴുന്നേല്‍ക്കൂ. പഴയതു പോലെ ആഹാരം പാത്രത്തിലാക്കി നല്‍കാറില്ല. ഊണ് കഴിഞ്ഞ് അയാള്‍ തിരികെ നീന്തിയെത്തിയപ്പോള്‍ അയാളെക്കാത്ത് പുഴക്കരയില്‍ ആശാരിച്ചെക്കനും എസ്തേറുമുണ്ടായിരുന്നു. മോശ അത്ഭുതപ്പെട്ടു. എസ്തേറിന്റെ മുഖം കനത്തിരുന്നു.

പുഴക്കരയിലെ ചേറില്‍ മുഖമൊളിപ്പിച്ച് ശ്വാസം മുട്ടി മരിച്ച മോശയുടെ കഥ ഇവിടെ അവസാനിക്കുമ്പോള്‍ പ്ലാസ്റ്റിക് കവറിലെ കുണ്ടളപ്പുഴുക്കളും കൂടയിലെ പുഴമീനുകളും ജീവനോടെ പുളക്കുന്നുണ്ടായിരുന്നു.

….വിരോധാഭാസൻ….