കവിതയെന്താണെ-
നിക്കെന്റെ ജീവനോ!
കവന ദീപ്തിയോ കാവ്യപ്രപഞ്ചമോ !
കരയുമാത്മാവിൻ കാവലാളായതോ
കദനമാകെ മറയ്ക്കുന്ന മന്ത്രമോ !

കവികൾ കാലത്തിൻ
കാല്പാടു തീർത്തവർ
കനവിൽ വന്നോരോ
കല്പന തന്നിടും
കരവിരുതിൽ നീ
കാലത്തെ വെല്ലണം
കല്പാദികാരണമാകട്ടെ  കാവ്യങ്ങൾ!

കണ്ണിനും കാതിനും
കൂർമ്മത കൂട്ടണം
കരുതിയിരിയ്ക്ക, കരളുറപ്പോടെ
കാടും കടലും
കനിവും കനികളും
കാത്തു വയ്ക്കുക കവിതയിലെങ്കിലും.

കഴിയുമോയെനിക്കീ കലികാലത്തിൽ
കരുണയുള്ളൊരു
കാലം വിടർത്തുവാൻ
കനലു കത്തുന്നതു-
ണ്ടെന്റെയുള്ളിലും
കരവാളുപോലെ
മിന്നുന്ന വാക്കിലും .
എസ്. സരസ്വതി

 

സർക്കാർ സർവീസിൽ നിന്നും വിരമിച്ചു.  കവി, സാമൂഹ്യ പ്രവർത്തക.  ഉൾക്കനൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും കവിതകൾ എഴുതുന്നു.