കോവിഡ് മരണങ്ങൾ യുകെയിൽ പാരമ്പരയാകുമ്പോൾ ഏറ്റവും അവസാനത്തെ കണ്ണിയാകുന്നു ഡോക്ടർ കൃഷ്ണൻ സുബ്രഹ്മണ്യൻ.

മിഡ്‌ലാൻഡ്സിൽ എക്‌മോ വെന്റിലേറ്റർ സൗകര്യമുള്ള ഏക ആശുപത്രിയായ ലെസ്റ്റർ ഗ്ലെൻഫീൽഡിൽ അവസാന നിമിഷം വരെ പൊരുതിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മറ്റു മാർഗ്ഗങ്ങളില്ലാതെ സഹപ്രവർത്തകർ വെന്റിലേറ്റർ ഓഫ് ചെയ്ത് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ പ്രിയദർശിനി മേനോനെയും ചെറിയ കുഞ്ഞിനേയും തനിച്ചാക്കിയാണ് ഡോക്ടർ കൃഷ്ണൻ മരണം വരിച്ചത്. ലിവർപൂളിൽ കോവിഡ് ബാധിച്ച് മരിച്ച എബ്രഹാം സ്‌കറിയയുടെ സംസ്കാരം ഇന്നലെ നടന്നതേയുള്ളൂ. അതിന് തൊട്ടുപിന്നാലെയാണ് ഈ മരണവാർത്ത പുറത്തു വന്നത്.

നാല്പത്തിയാറു വയസു മാത്രം പ്രായമുള്ള ചുറുചുറുക്കോടെ പ്രസന്നവദനനായി ഓടി നടന്നിരുന്ന ഡോക്ടർ കൃഷ്ണൻ ഡെർബി ഹോസ്പിറ്റലിലെ ലോക്കം അനസ്തീഷ്യനിസ്റ്റ് ആയിരുന്നു. നോർത്ത്ആംപ്റ്റൻ, ലെസ്റ്റർ ഹോസ്പിറ്റലുകളിലും അദ്ദേഹം ഇടയ്ക്ക് ജോലി ചെയ്തിരുന്നു.

കുറച്ചു നാളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഡോക്ടർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ആന്ധ്രാ സ്വദേശി പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടയിൽ മരിച്ച മൂന്നാമത്തെ മലയാളിയാണ് ഡോക്ടർ കൃഷ്ണൻ. ലിവർപൂളിലെ എബ്രഹാം സ്കറിയയും ബെർമിങ്ഹാം സ്കെച്ച്ഫോർഡിലെ ഹർഷൻ ശശിയുമാണ് മറ്റ് രണ്ടു പേർ.

കോവിഡിന്റെ രണ്ടാം വരവിൽ ലിവർപൂൾ, ബെർമിംഗ്ഹാം, ഡെർബി, ബ്ലാക്ക് കൺട്രി, സ്റ്റോക്ക് ഓൺ ട്രെൻഡ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലുള്ള ധാരാളം മലയാളികൾ രോഗബാധിതരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

ലോക്‌ഡൗണ്‍ നിയമങ്ങളോടുള്ള ജനങ്ങളുടെ അവഗണനയും അശ്രദ്ധയും മരണനിരക്ക് ഇനിയും ഉയരാൻ കാരണമായേക്കും.

ഡോക്ടർ കൃഷ്ണന്റെ.സഹധർമ്മിണിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ സ്കോട്ടിഷ് മലയാളിയും പങ്കു ചേരുന്നു.

പ്രണാമം !