തെരഞ്ഞെടുപ്പ് ഡ്യൂട്ടി ക്ക് നേരത്തെയും പോകേണ്ടി വന്നതു കൊണ്ടും , അധികാരത്തിൽ വലിയ സ്വാധീനമൊന്നുമില്ലാത്ത തുകൊണ്ടും, പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതു  മുതൽ    പരിസരത്തുള്ളതും  അറിയാവുന്നതുമായ എല്ലാ ദൈവങ്ങൾക്കും ജാതിമത ഭേദമന്യേ വഴിപാടുകൾ നേർന്നു തുടങ്ങി. പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ, ഒന്നും ഫലം കണ്ടില്ല,,  വന്നു, വന്നു… ആ വാൾ തലയിൽ തന്നെ വന്നു വീണു.. ഏറെ അങ്കലാപ്പോടു  കൂടി അന്ന് മുതൽ തന്നെ ബെഞ്ചിൽ കിടന്നുറങ്ങാൻ പരിശീലനം തുടങ്ങി…

കോവിഡ് കാലമായതിനാൽ സാമൂഹിക അകലം പാലിക്കാനായി പ്രത്യേക സമയം ഒരോ ബാച്ചിനും അനുവദിച്ചു തന്നപ്പോ തെല്ല്  ഒന്ന് സമാധാനം… ഇത്തവണ എല്ലാം കൃത്യമായി നടക്കും… നമ്മളും ഒരുങ്ങണമെല്ലോ… മാസ്കുകൾ വാങ്ങി സ്റ്റോക്ക് ചെയ്തു.. പഠിത്തവും തുടങ്ങി…. പലപ്പോഴും കിളി പോയി… അപ്പോഴൊക്കെ എല്ലാവരും കട്ട സപ്പോർട്ട്…പലപ്പോഴും ഉപദേശിച്ചു ബോറടിപ്പിച്ചതിനു  പകരം വീട്ടാൻ ഒരു അവസരം കാത്തു നിന്ന പോലെ അപ്പുക്കുട്ടൻ  പറഞ്ഞു തുടങ്ങി… അമ്മേ ഇതൊക്കെ നിസ്സാരം…come on you can do it.. Silly girl…     

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിനം വന്നെത്തി എല്ലാം നല്ലതിന് എന്ന് മനസ്സിലുറപ്പിച്ച്, സേവനസന്നദ്ധയായി കൃത്യസമയത്തു തന്നെ കളക്ഷൻ സെന്ററിൽ എത്തി… അതിനു മുമ്പ് സമയം ലഭിച്ചബാച്ചുകാർക്ക്  വിതരണം തുടങ്ങിയിട്ടുപോലുമില്ല!! പഷ്ട്… രജിസ്ട്രേഷൻ കൗണ്ടറിലെ ജനസമുദ്രം കണ്ട്  കണ്ണ്  തള്ളി പോയ്‌.. ഒരു തൃശൂർ പൂരത്തിനുള്ള ആള് .. തള്ള്, ഇടി, ആഹഹാ..ദോഷം പറയരുതെല്ലോ, മൈക്കിൽ കൂടി സാമൂഹിക അകലത്തെ കുറിച് ‘പ്രഭാഷണം’ നടക്കുന്നുണ്ടായിരുന്നു ….അപ്പോഴേക്കും അടുത്ത സമയം കിട്ടിയ   ബാച്ചും എത്തിക്കഴിഞ്ഞു ആകെ നഞ്ഞാൽ പിന്നെന്ത് കുളിര്.. ക്യു എന്ന ഏർപ്പാടിൽ ഞങ്ങൾക്ക് വിശ്വാസമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു ഞാനും കൂടി  ആ കലാപരിപാടിയിൽ..

ലക്ഷ്യസ്ഥാനത്ത്  എത്തിയപ്പോ അതാ വരുന്നു അടുത്ത ബോംബ് ഗ്രുപ്പിൽ ഉള്ള എല്ലാവരും ഒരുമിച്ച് വന്നു ഒപ്പിടണം… മുൻപിൽ എത്താൻ നടത്തിയ പ്രയത്നം ഒന്നും വേണ്ടി വന്നില്ല.. ഞാൻ നിന്ന സ്ഥലത്തു നിന്നും തെറിച്ചു പുറകിലെത്തി.. ഗ്രുപ്പിൽ ഉള്ളവരെ എല്ലാവരെയും കൂട്ടി വീണ്ടും ഒരു ശ്രമം നടത്തി… ഇത്തവണ ഞങ്ങൾ ജയിച്ചു.. അടുത്ത കൗണ്ടറിലേക്ക്, പിന്നീട് അടുത്തത്..മെഷീൻ വാങ്ങാൻ ചെന്നപ്പോ അവിടെ താമസമുണ്ടാകും എന്നറിഞ്ഞു.. ബാത്‌റൂമിൽ പോകാം എന്ന് വിചാരിച്ചു പോയി… തിരിച്ചു വന്നപ്പോ വാതിൽക്കൽ നിക്കുന്നഉണ്ടക്കണ്ണൻ  പോലീസ്‌കാരന്റെ ആക്രോശം… എവിടായിരുന്നു മാഡം… എത്രനേരമായിട്ട് വിളിക്കുന്നു… ഓ.. പിന്നെ, ഇന്ത്യ -പാക് വാറിന് പോകാൻ ഹെലികോപ്റ്റർ തയ്യാറാക്കി വെച്ചത് തരാൻ വിളിച്ചതല്ലേ..   

അങ്ങനെയങ്ങനെ പറഞ്ഞ സമയത്തിനു നാലര മണിക്കൂറിനു ശേഷം സാധനങ്ങളുമായി ബസിൽ, ബൂത്തിലേക്ക്. റൂട്ടോഫീസർ അടുത്ത് വന്നിരുന്നപ്പോ ഇത്തിരി  ജനറൽ നോളജ് വർധിപ്പിക്കാം എന്ന് കരുതി പഞ്ചായത്തിനെ കുറിച്ചും വാർഡിനെ കുറിച്ചും എന്തൊക്കയോ ചോദിച്ചു, പാവം അവരെന്നെ തുറിച്ചു നോക്കിട്ട് പറയുന്നു എന്റെ മാഡം എനിക്കൊന്നുമറിയില്ല…നിങ്ങളെ കൊണ്ട് വിടുക തിരിച്ചു കൊണ്ട് വരിക, അത്രേ എനിക്കറിയൂ… മോഹൻ ലാലിന്റെ ” എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ” എന്ന ഡയലോഗിനെ ഓർമിപ്പിച്ചു അവരുടെ വാക്കുകൾ.. വളരേ…പെട്ടെന്ന് ഞാൻ അവാർഡ് സിനിമ നായികയായി….   

ഏതൊക്കയോ വഴിയിലൂടെ ഓടി ഓടി അവസാനം അതാ എത്തി ഞങ്ങളുടെ ലക്ഷ്യസ്ഥാനം… വെളിയിലിറങ്ങി നോക്കിയപ്പോ എനിക്ക് മുമ്പ് ഇറങ്ങിയവരൊ ക്കെ വെള്ളിടി വെട്ടിയ പോലെ നിക്കുന്നു… എന്തെ നിക്കുന്നത് ” come on we can do it” എന്ന് പറഞ്ഞപ്പോ അവരുടെ മറുപടി ” മാഡം ശരിക്കൊന്നു നോക്കിക്കേ കോവിഡ് കാലമാ ഈ കുടുസ്സുമുറിയിൽ  നമ്മൾ 12 പേര്… രണ്ടു ബൂത്ത്‌ സാമൂഹിക അകലം…!!അടുത്തയാൾ ശരം പോലെ വരുന്നു ” മാഡം ഇവിടെ ബാത്‌റൂമില്ല!!മാഡം ഇവിടെ കിണറോ, പൊതു പൈപ്പോ   ഇല്ല,… തലയിൽ തേങ്ങ വീണ പോലെ ഒരു ഫീൽ!!!ആരും വിഷമിക്കേണ്ട “ഇപ്പൊ ശര്യാ യാക്കിത്തരാം”…. വിളിച്ചു മേലുദ്യോഗസ്ഥരെ… “ഒറങ്ങിക്കോ പുതപ്പിച്ചേക്കാം ” എന്ന പോലുള്ള മറുപടിയിൽ എല്ലാമുണ്ടായിരുന്നുനേരെ അടുത്ത വീടുകളിലേക്ക് കടന്നൽ കൂട്ടം പോലെ ഇരച്ചു കയറി..വേറെന്തു ചെയ്യാൻ…. 

      ബൂത്തു തൂത്തുവാരി എല്ലാം സെറ്റ് ചെയ്തു.. ഫോമുകൾ  നിറക്കാൻ കവറില്ല, ലൈറ്റ് കത്തിക്കാൻ കറന്റ്‌ ഇല്ല എന്നോടോ മോനെ കളി എന്റെ കയ്യിലുണ്ട് മെഴുകുതിരി… കവറുമായി ദാ  മാലാഖ മാരെപ്പോലെ  വന്നെത്തി കെട്ടിയോന്മാർ എന്റെയും അടുത്ത ബൂത്തിലെ മാഡത്തിന്റെയും… പതുക്കെ കറന്റും  എത്തി…      അതിരാവിലെ നാല് മണിക്ക് തന്നെ ഞങ്ങൾ സജീവമായി 6 മണിക്ക് മോക്ക് പോൾ 7 മണിക്ക് ആക്ച്വൽ പോൾ… All set.. ആഹാ ഒരു ചെറിയ സമാധാനം….

വോട്ട് ചെയ്യാനുള്ള ക്യു വളഞ്ഞു പുളഞ്ഞു തൊട്ടടുത്തുള്ള ജംഗ്ഷൻ വരെ എത്തി… തീരെ അവശരായവരെയും കൊണ്ടുള്ള വരവ്  ആ  ക്യു വിന്റെ നീളം കൂട്ടാൻ നന്നായി സഹായിച്ചു.. പല അമ്മമാരും പേന വെച്ച്  സ്ഥാനാർഥിയുടെ പേരിൽ ആഞ്ഞു കുത്തി വോട്ട് ചെയ്യാൻ ശ്രമിച്ചു… “അമ്മേ പേന കൊണ്ടല്ല വിരൽ വെച്ച്, കറുത്ത ബട്ടനിൽ” ഇങ്ങനെ ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു ക്യു വിൽ  നിന്നവരുടെ പ്രതിഷേധം

ബൂത്ത്‌ ഏജന്റ് ഓടി വന്ന്  അറിയിച്ചു ക്യു നീങ്ങുന്നില്ല… സ്ലോ ആകുന്നു… എന്ത് ചെയ്യാൻ അമ്മമാർ അപ്പോഴും  വാശിയോടെ സ്ഥാനാർഥിക്കിട്ട് കുത്തിക്കൊണ്ടേ ഇരുന്നു….

നാലര മണിവരെ വലിയ കുഴപ്പമില്ലാതെ പോയി  ആശ്വാസത്തിനു ബ്രേക്കിട്ടു എവിടുന്നോ പൊട്ടിവീണയാൾ… കോവിഡ് പേഷ്യന്റ് നു വോട്ട് ചെയ്യണം… ശരി വരട്ടെ PPE കിറ്റ് ധരിച്ചു വരണം ഞങ്ങൾക്കും തയ്യാറാകാൻ സമയം തരണം.. പറഞ്ഞു തീർന്നതും മറ്റൊരു ഏജന്റിന് സമ്മതമല്ല… എന്തുകൊണ്ട് പോസ്റ്റൽ വോട്ടിനു അപ്ലൈ ചെയ്തില്ല… തർക്കം മുറുകി, കയ്യാങ്കളി ആകും മുൻപ് പോലീസിനെ വിളിച്ചു വരുത്തി. കാക്കി നിറത്തിനു എന്തൊരു എഫക്ട്… ആവേശത്തോടെ വാദിച്ചവന്റെ ഫ്യൂസ് പോയി ഞാനിപ്പോ എന്താ പറഞ്ഞെ എനിക്കൊന്നും ഓർമയില്ലേ എന്നഭാവത്തിൽ..

അവസാനം അവരെത്തി… ഞങ്ങളും ചന്ദ്രനിൽ പോകാ നെന്ന പോലെ തയ്യാറായി…6മണിയോടെ അങ്കം  അവസാനിച്ചു…ഇനി തിരിച്ച് കളക്ഷൻ സെന്ററിലേക്ക്… ഇക്കണ്ടതൊന്നുമല്ല ഇനിയാണ് മാമാങ്കം… തള്ള് ഇടി ഗുസ്തി ഇവയൊക്കെ നേരത്തെ ശീലിച്ച കാരണം പത്തുമണിയോടെ സാധനങ്ങൾ ഏൽപ്പിച്ച് ഓടി രക്ഷപെട്ടു…

അപ്പോഴും ഉച്ചഭാഷിണിയിൽ ആരെയൊക്കെയോ കളിയാക്കും പോലെ ഉറക്കെ മുഴങ്ങുന്നുണ്ടായിരുന്നു… എല്ലാവരും  സാമൂഹിക അകലം പാലിക്കുക കോവിഡിനെ തുരത്തുക….

😜

രേഖ പ്രവീണ്‍