മടങ്ങുന്നു ഞാനിതായെങ്കിലും മനഃപൂർവം
മറന്നിട്ടു പോകുന്നുവെൻ്റെയോലക്കുട
പഴകി ദ്രവിച്ചങ്ങുപോകിലും, വരുംകാല-
പ്രളയത്തിൽ ഒരു ജീവനെയെങ്കിലു, മതിലേറ്റാം!

മരിക്കും മുന്നേ, മണ്ണിന്നടിയിൽപ്പെട്ടുപോയോർ
മറക്കാതെ പറയുവാനേല്പിച്ചയാശംസകൾ
തലങ്ങും വിലങ്ങുമായ് കുഴഞ്ഞേ പോയെങ്കിലും
തകരാതൊരു വാക്കുണ്ടതു കേട്ടീടുക:

“മരിക്കാൻ നേരം തുള്ളിയിറ്റിച്ചു, പിന്നെത്താഴ്ത്താൻ
മറക്കാതവശേഷിപ്പിക്കണം മണ്ണിത്തിരി
മദിച്ചേ പോകിൽ, നിൻ്റെ പിണത്തെ മൂടാനൊട്ടു
മൺപൊടിക്കേറെക്കാലം കാത്തുകാത്തിരിക്കേണം!
അപ്പോഴും പേമാരികൾ നീർത്തിയ പരമ്പതിൽ
അസ്ഥികൾ ചേർത്തേവച്ചു ചീർത്തതാം ബലൂൺ പോലെ!”

…ഹരി ചരുത…

കവി, കാർട്ടൂണിസ്റ്റ്. 

മലബാർ കാർട്ടൂണിസ്റ്റ്സ് അസോസിയേഷൻ മഞ്ചേരിയിൽ നടത്തിയ അഖില കേരള കാർട്ടൂൺ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ആയ ‘ഡെൻറൽ റിസേർച്ച് & റിവ്യൂവിൽ കാർട്ടൂൺ കോളം ചെയ്തു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയ സംരംഭങ്ങളിലും വരയ്ക്കാറുണ്ട്. ടെക്നോപാർക്കിലെ കാർട്ടൂൺ സിനിമ നിർമ്മാണ സ്റ്റുഡിയോയായ ‘ടൂൺസ് ഇന്ത്യ അനിമേഷൻസി’ൽ എട്ടു വർഷക്കാലം ജോലി നോക്കി. എസ് സി ഇ ആർ ടി, എസ് ആർ സി, എസ് ഐ ഇ റ്റി തുടങ്ങിയ സർക്കാർ വിദ്യാഭ്യാസ പoന ഗവേഷണ സംവിധാനങ്ങൾക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. പച്ചിലപ്പാതി (കവിതകൾ), കുസൃതിക്കഥകൾ (ബാലസാഹിത്യം) എന്നിവ പ്രസിദ്ധീകൃത രചനകൾ.

‘ഡി ന്യൂസ് മീഡിയ’യെന്ന നവ മാധ്യമ പ്രമോഷൻ ഗ്രൂപ്പിന്റെ ക്രിയേറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നു.