അമ്മിഞ്ഞപ്പാലിന്റെ മധുരംകിനിയുന്ന
നാവിലുണ്ടൊരു മന്ത്രം അമ്മയെന്ന്.

വെറുമൊരു രണ്ടക്ഷരമല്ലെനിയ്ക്കമ്മ
നറുപുഞ്ചിരി തൂകും സുകൃതമാണ്.

മണ്ണിൽകളിച്ചാലും മഴയിൽകളിച്ചാലും
സ്നേഹശകാരത്തിൻ വർഷമമ്മ.

പുതിയ വിദ്യാലയതിരുമുറ്റത്തെന്നെ
കൈപിടിച്ചേറ്റിയ കരുതലമ്മ.

അറിവിൻ വിളക്കെന്റെ മനസ്സിൽ
                                     തെളിയ്ക്കുവാൻ
അക്ഷരദീപവുമേന്തിയമ്മ.

കദനങ്ങൾ തിറയാടും ജീവിതമുറ്റത്ത് 
സാന്ത്വനമഴയായ് മറിയമ്മ.

രണ്ടക്ഷരമുള്ളൊരാ അമ്മയാം വാക്കിന്റെ
അർത്ഥതലങ്ങളതേറെയത്രേ.

കടലോളം വാക്കിനാൽ എഴുതിയാൽ തീരാത്ത
കവിതയായ് തീരുന്നു എന്റെയമ്മ.
 
… തോന്നയ്ക്കൽ കൃഷ്ണപ്രസാദ് …

 

 തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ 1981ൽ ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം 18 വർഷത്തിലധികമായി സാഹിത്യമേഖലയിൽ പ്രവർത്തിക്കുന്നു.നിരവധി കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.നൂറിലധികം പാട്ടുകൾ ഭക്തിഗാന – ലളിതഗാന സിഡി കൾക്കുവേണ്ടി എഴുതി.ഇപ്പോഴും എഴുത്തിന്റെ മേഖലയിലുണ്ട്. ഒപ്പം ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.