പള്ളിക്കൂടത്തിലേയ്ക്കു ചുമക്കുന്ന
ചോറില്ലാ ചോറ്റുപാത്രത്തില്‍
ഉച്ചയ്ക്കുകിട്ടുന്ന ഉപ്പുമാവിന്റെ-
യൊരു വിഹിതം
ആരുംകാണാതെ മിച്ചംപിടിച്ചു
പിന്‍ബഞ്ചിന്റെ മൂലപിടിച്ചു
ജനാലയ്ക്കരുകിലിരിക്കുമ്പോഴും
മനസ്സുനിറയെ വീട്ടിലേയ്ക്കുള്ള
ചെങ്കുത്തായ ഇടുങ്ങിയ
ഒറ്റയടിപ്പാതയായിരിക്കും !

നാലുമണിബല്ലിന്റെ
ആദ്യബല്ല്മുഴുങ്ങുന്നതും
ജനാലവഴിപുറത്തേയ്ക്കു
ചാടി ഓടുമ്പോള്‍
ബെന്‍ജോണ്‍സന്റെയൊരു
കരുത്തായിരിക്കും ഉടലാകെ !

ഓടിത്തളര്‍ന്നു വീടെന്നുപറയാവുന്ന
ഓലചായ്പ്പിനരുകില്‍ എത്തുമ്പോഴേക്കും
മണ്ണപ്പംചുട്ടുതിന്നു വിശപ്പുമാറ്റിയിരിക്കുന്ന
കുഞ്ഞിപ്പെങ്ങളും, പ്രാന്തെന്നുപറഞ്ഞു
ചങ്ങലയ്ക്കു തളച്ചിട്ടിരിക്കുന്ന
അപ്പനുമാകും ആദ്യം
കണ്ണിലേയ്ക്കു ഇരച്ചുകയറുന്നത് !

ആര്‍ക്കാദ്യം ഉപ്പുമാവിന്റെ പങ്കെന്നാകും
ആദ്യത്തെ ആകുലത
ഉള്ളതില്‍ പങ്കിനെ മൂന്നായി
പകുത്തുകഴിയുമ്പോഴാകും
വീടിനുള്ളില്‍ നിന്നൊരു അലര്‍ച്ച,
അച്ചമ്മയുടെ ശമ്പ്ദത്തില്‍,
” പള്ളിക്കൂടമെന്നു പറഞ്ഞു
ജോലിക്കു പോകാതെ
തെണ്ടിത്തിരിഞ്ഞു നടക്കും ”!

തള്ളചത്താല്‍ ദോഷം
പിള്ളേര്‍ക്കെന്നു സമാധാനിച്ചു
ഉടുപ്പും നിക്കറെന്നുപറയാവുന്ന
രണ്ടെണ്ണത്തിനെയും
എവിടേങ്കിലുംഊരിയെറിഞ്ഞു
അതുപോലെയുള്ള രണ്ടെണ്ണം
വേറെയെടുത്തിട്ട്
കവലയിലേക്കൊരു ഓട്ടമാണ്!

ഇരുട്ടുന്നതിനു മുമ്പ്
ഒരു ചുറ്റിക്കറങ്ങലില്‍ കിട്ടും
അഞ്ചാറു രൂപയുടെ തുട്ടുകള്‍
പലപല ജോലികളില്‍ നിന്നും
രാത്രി അടുപ്പുപുകയാന്‍
നാലഞ്ചു പരിചാരകരുടെ നടുവില്‍
ശീതികരിച്ചമുറിയില്‍ ഇരിക്കുമ്പോള്‍
എല്ലാംഎല്ലാം കാറ്റുപറഞ്ഞ
കടങ്കഥകളല്ലായുരുന്നില്ലേയെന്നോർത്ത്
തുളുമ്പാന്‍ പാകത്തിനു
ഇരുകണ്ണുകളുമങ്ങനെ നില്‍ക്കും!
….ബി. എൻ റോയ്….

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്. കേരളാ പോലീസിൽ സീനിയർ സിവിൽ ഓഫീസർ ആയിട്ട് ജോലി ചെയ്യുന്നു. രണ്ട് കഥാസമാഹാരങ്ങളും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ ഷനൂഷ, മക്കൾ ബിക്കു .ആർ.എസ് തമ്പി, റിനോ. ആർ.എസ് തമ്പി. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട്.