ഷെയ്ന്‍ നിഗത്തെ ‘ഫീല്‍ ഗുഡ്’ നായകനാക്കി സലാം ബാപ്പു; ചിത്രീകരണം ഉടന്‍

ഷെയിന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷെയിന്‍ നിഗം നായകനായെത്തുന്നത്. ദുബായിയും കേരളവുമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഫീല്‍ ഗുഡ് ചിത്രമായി ഒരുക്കുന്ന പുതിയ പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നതായാണ് സലാം ബാപ്പു പറഞ്ഞു. വലിയ പെരുന്നാളാണ് ഷെയിന്‍ നിഗത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വെയില്‍, ഉല്ലാസം എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായി റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങള്‍. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. അതിനുശേഷം ഷെയിന്റെ പുതുചിത്രം കാത്തിരികക്കുകയായിരുന്നു യുവതാരത്തിന്റെ ആരാധകര്‍.

സലാം ബാപ്പു മലയാളത്തില്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിലാണ് ഷെയിന്‍ നായകനായെത്തുന്നത്. നിലവില്‍ ഭാവനയെ നായികയാക്കി അണിയറയില്‍ ഒരുങ്ങുന്ന കന്നഡ ചിത്രത്തിന്റെ പണിപുരയിലാണ് സലാം ബാപ്പു. ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സലാം ബാപ്പുവാണ്.