മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് സ്വകാര്യ കമ്പനികള്‍;
അനുകരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മില്‍മ

തിരുവനന്തപുരം: മില്‍മ പാലിന്‍റെയും പാല്‍ ഉല്‍പന്നങ്ങളുടെയും പാക്കറ്റ് ഡിസൈന്‍ അനുകരിച്ച് പുറത്തിറങ്ങുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കണമെന്ന് മില്‍മ മുന്നറിയിപ്പ് നല്‍കി. മില്‍മയുടേതിന് സമാനമായ രീതിയില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക സംരംഭങ്ങള്‍ പാക്കറ്റ് ഡിസൈന്‍ ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.

മില്‍മയുടെ വിപണിയില്‍ കടന്നു കയറാനുള്ള കുറക്കുവഴിയായാണ് ഇതിനെ വിലയിരുത്തുന്നത്. എത്ര അനുകരിച്ചാലും മില്‍മ പാലിന്‍റെ ഗുണമേന്‍മ അനുകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള 9 ലക്ഷം ക്ഷീരകര്‍ഷകരില്‍ നിന്നും നേരിട്ട് പാല്‍ സംഭരിച്ച് എല്ലാ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മില്‍മ പാല്‍ വിപണിയിലെത്തിക്കുന്നത്. അത്യാധുനിക രീതിയില്‍ പാസ്റ്റുറൈസേഷന്‍ ചെയ്യുന്ന മില്‍മയുടെ പാല്‍ വിറ്റാമിന്‍ എ, ഡി, എന്നിവയാല്‍ സമ്പുഷ്ടമാണ്. ഉപഭോക്താവ് ചെലവഴിക്കുന്ന ഒരു രൂപയുടെ 82 പൈസയും ക്ഷീരകര്‍ഷകനിലേക്കാണെത്തുന്നത്. ഈ പ്രതിബദ്ധത അനുകരിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണനിലവാരമില്ലാത്ത പാലും പാലുല്‍പ്പന്നങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും മില്‍മ അഭ്യര്‍ത്ഥിച്ചു.