*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
*ധ്യാനം*
*ധ്യായേദുമാപതി രമാപതി* *ഭാഗ്യപുത്രം*
*വേത്രോജ്വലത്കരതലം ഭസിതാഭിരാമം*
*വിശ്വൈകവശ്യവപുഷം മൃഗയാവിനോദം*
*വാഞ്ഛാനുരൂപഫലദം വരഭൂതനാഥം!*

ശ്രീധർമ്മശാസ്താവിന്റെ പരലോകപ്രവേശത്തിനുശേഷം, മഹാരാജാവ് ആകുലചിത്തനായി, സ്വസ്ഥതയില്ലാത്ത ദിനങ്ങളിലൂടെ മണികണ്ഠന്റെ ലീലാലാളനങ്ങളിലകപ്പെട്ട് രാജ്യഭരണം മാത്രമല്ല, മണികണ്ഠനേൽപ്പിച്ച ക്ഷേത്രത്തിന്റെ നിർമ്മിതിക്കുവേണ്ട ചുമതല കൂടി വിസ്മൃതിയിലാണ്ടുപോയി.
മഹാരാജാവിന്റെ മനോവ്യഥ ദിവ്യദൃഷ്ടിയിലറിഞ്ഞ മണികണ്ഠസ്വാമി, തന്റെ വളർത്തച്ഛനെ സാന്ത്വനിപ്പിക്കുന്നതിനായി അഗസ്ത്യമുനിയെ ബ്രാഹ്മണ വേഷത്തിൽകൊട്ടാരത്തിലേക്കയച്ചു. 
ദിവ്യതേജസ്സാർന്ന ബ്രാഹ്മണ ശ്രേഷ്ഠനെ യഥാവിധി  സ്വീകരിച്ചിരുത്തിയ ശേഷം; അങ്ങൊരു ബ്രാഹ്മണൻ മാത്രമല്ല; ദയവായി അവിടുന്ന് ആരാണെന്നും, ആഗമനലക്ഷ്യമെന്താണെന്ന്അറിയിച്ചാലുമെന്ന് മഹാരാജാവ് പറഞ്ഞു. 
മഹാരാജൻ, അങ്ങയുടെ വിഷമാവസ്ഥ ഗ്രഹിച്ച മണികണ്ഠൻ അവിടുത്തേയ്ക്ക് കർമ്മകാണ്ഡം ഉപദേശിച്ചു തരുന്നതിനായി ഇങ്ങോട്ടയച്ചതാണെന്ന് ശാന്തസ്വരത്തിൽ മഹർഷി മറുപടി നൽകി.
മകനോടുള്ള തീവ്രസ്നേഹത്താൽ ഗദ്ഗദഭാരത്തോടും ഭക്തിയോടും കൂടിമഹർഷിയെ താണുവണങ്ങിയശേഷം പ്രിയപുത്രന്റെ ഗുണഗണങ്ങൾ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. ദേവേന്ദ്രനായാൽപ്പോലും തന്റെ പുത്രനെ കാണാതെ ജീവിക്കാൻ കഴിയുന്നില്ലെന്ന സത്യം മഹാരാജാവ് വ്യക്തമാക്കുകയും ചെയ്തു. *സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…

*സുജ കോക്കാട്*