*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

കലിയുഗത്തിലെ കലികാല വൈഭവങ്ങളകലാൻ കലിയുഗ വരദനായ ശ്രീധർമ്മശാസ്താവിനെ അഭയം പ്രാപിക്കുകയെന്ന ലോക നന്മയുടെ ആരാധനാ ശക്തി തേജസാണല്ലോ മണികണ്ഠൻ. അതിനൊരു ക്ഷേത്രം പണികഴിപ്പിക്കേണ്ടത് വളർത്തച്ഛനായ രാജശേഖരമഹാരാജന്റെ നിയോഗമാണ്. രാജ്യപാലനം മഹാരാജാവിന്റെ ധർമ്മവുമാണല്ലോ.
വാപരന്റെ ദിവ്യശക്തിയാൽ മണികണ്ഠന്റെ സമീപത്തു നിന്ന് നിമിഷങ്ങൾക്കകം മഹാരാജാവ് ശബര്യാശ്രമത്തിലെത്തി. പിറ്റേന്ന് പ്രഭാതമായപ്പോഴേയ്ക്കും ക്ഷേത്ര നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. 
മഹർഷിമാർ മന്തോച്ചാരണങ്ങളാലനുഗ്രഹിച്ചു. ദേവകൾ സ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമാക്കി. പക്ഷേ,  അസൂയാലുവായ ദേവേന്ദ്രനുണ്ടോ വിടുന്നു. തന്റെ സിംഹാസനം രാജശേഖര മഹാരാജാവ് കരസ്ഥമാക്കാൻ ശ്രമിക്കുകയാണെന്ന സംശയത്തിൽ മഹാരാജാവുമായി യുദ്ധത്തിനൊരുങ്ങി.ലക്ഷ്യപ്രാപ്തിയുണ്ടാകണമല്ലോ. ദേവേന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനായി, മണികണ്ഠൻ നൽകിയ ചുരിക മഹാരാജാവിന്റെ രക്ഷയേകി. അവസാനം ദേവേന്ദ്രൻ തന്നെ ദേവശില്പിയായ വിശ്വകർമ്മാവിനെ പന്തളരാജന്റെ സമീപത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. 

ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിശ്വകർമ്മാവ് അനുയോജ്യമായ ഓരോരോ സ്ഥാനങ്ങൾ മഹാരാജാവിനു  പറഞ്ഞു കൊടുത്തു.  മണികണ്ഠൻ തൊടുത്തു വിട്ട ശരം തറച്ചുനിന്ന സ്ഥലത്ത് മഹാരാജാവ് ചുരിക സ്ഥാപിച്ചതിനു ശേഷം; മദ്ധ്യ ഭാഗത്തായി ശിലാസ്ഥാപന കർമ്മവും നടത്തി. അപ്പോൾ തന്നെ വിശ്വകർമ്മാവിന്റെ മുഖത്തു കണ്ട വിഷമം മഹാരാജാവിനെ ആകുലചിത്തനാക്കി.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും..

*സുജ കോക്കാട്*