അങ്കണവാടി ജീവനക്കാര്‍ക്ക് 2 യൂണിഫോം സാരികള്‍ കൂടി

5.30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും സമ്പുഷ്ട കേരളം പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരികള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാരികള്‍ വാങ്ങുന്നതിന് 5,29,84,000 രൂയാണ് അനുവദിച്ചിരിക്കുന്നത്. കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി 400 രൂപ വിലയുള്ള കസവ് ജരിക് മാത്രമുള്ള പവര്‍ലൂം കേരള കോട്ടന്‍ സാരിയും 395 രൂപ വിലയുള്ള കസവും കളറും ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടന്‍ സാരിയുമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ യൂണിഫോമായി കോട്ടുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. അങ്കണവാടി വര്‍ക്കര്‍മാരുടെ യൂണിഫോം കോട്ടിന്റെ നിറം ഡാര്‍ക്ക് ആഷും ഹെല്‍പര്‍മാരുടെ കോട്ടിന്റെ നിറം ചെറുപയര്‍ പച്ചയുമാണ്. ഇത് കൂടാതെയാണ് രണ്ട് സെറ്റ് സാരികള്‍ വീതം അനുവദിക്കാന്‍ തീരുമാനിച്ചത്.