ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കർഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതാണ് ആ ചിത്രം എന്നല്ലേ? സുപ്രീംകോടതിക്ക് മുന്‍പില്‍ വെച്ച് മോതിരം കൈമാറുന്ന ചിത്രം.

സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കാത്തതിനോടുള്ള പ്രതികരണമായിരുന്നു കോടതിക്ക് മുന്‍പിലുള്ള ആ മോതിരംമാറ്റം. അഭിഭാഷകനായ ഉത്കർഷ് സക്‌സേന മുട്ടുകുത്തി നിന്ന് സുപ്രീംകോടതിയെ സാക്ഷിയാക്കി അനന്യയെ മോതിരം അണിയിക്കുകയായിരുന്നു.

“ഇന്നലെ വേദനിച്ചു. ഇന്ന് ഞാനും ഉത്കര്‍ഷ് സക്സേനയും ഞങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച അതേ കോടതിയിൽ തിരിച്ചെത്തി. മോതിരം കൈമാറി. നിയമപരമായുണ്ടായ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ചാണ് പറയുന്നത്. ഞങ്ങൾ പോരാടാനായി മറ്റൊരു ദിവസം മടങ്ങിയെത്തും”- അനന്യ കോട്യ ചിത്രത്തിന് ഒപ്പം കുറിച്ചു.

നിയമപരമായ തിരിച്ചടികൾക്കിടയിലും, അനന്യയും ഉത്കർഷും തങ്ങളുടെ പ്രണയവും വിവാഹ നിശ്ചയവും ആഘോഷിക്കാൻ തീരുമാനിച്ചു. ഭാവിയിലും തുല്യ അവകാശങ്ങൾക്കും അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ദൃഢനിശ്ചയം എടുത്തു..