വ്യക്തികള്‍ മാത്രമല്ല, കമ്പനികൾ, അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയും സാധാരണയായി ബാങ്ക് ലോക്കര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്.

വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാൻ എപ്പോഴും ബാങ്ക് ലോക്കര്‍ ആണ് ഏറ്റവും ഉചിതമായ മാര്‍ഗം. ചെറിയ തുക നല്‍കിയാലും സാധനങ്ങള്‍ക്ക് ബാങ്കുകള്‍ സുരക്ഷ നല്‍കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌, നിലവിലുള്ള എല്ലാ ലോക്കര്‍ ഉടമകളും പുതുക്കിയ ലോക്കര്‍ കരാറാണ് പാലിക്കേണ്ടത്. പുതുക്കിയ കരാറുകള്‍ നടപ്പിലാക്കുന്നതിന് 2023 ഡിസംബര്‍ 31 വരെ ആര്‍ബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

ബാങ്ക് ലോക്കറില്‍ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതല്‍ അനുവദനീയമല്ല എന്ന് എത്ര പേര്‍ക്ക് അറിയാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ പുതുക്കിയ ലോക്കര്‍ കരാറുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ, ഈ ലോക്കറുകളില്‍ പണമോ കറൻസിയോ സൂക്ഷിക്കുന്നത് അനുവദനീയമല്ല. ബാങ്ക് ലോക്കറുകള്‍ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കുന്നത് പോലെയുള്ള നിയമാനുസൃതമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

പിഎൻബിയുടെ പുതുക്കിയ ലോക്കര്‍ കരാര്‍ പ്രകാരം, ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍, മയക്കുമരുന്ന്, നിരോധിത വസ്തുക്കള്‍, നശിക്കുന്ന വസ്തുക്കള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, നിയമവിരുദ്ധ വസ്തുക്കള്‍, അല്ലെങ്കില്‍ ബാങ്കിനോ അതിന്റെ ഉപഭോക്താക്കള്‍ക്കോ അപകടമോ ശല്യമോ ഉണ്ടാക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്.