മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം മുംബൈ പോലീസിന് ലഭിക്കുന്നത്.

400 കോടി രൂപ നല്‍കിയില്ലെങ്കില്‍ അംബാനിയെ വധിക്കുമെന്നാണ് ഇക്കുറി സന്ദേശത്തില്‍ പറയുന്നത്.ഈ മാസം 27ാം തിയതിയാണ് ആദ്യത്തെ ഭീഷണി സന്ദേശം കിട്ടുന്നത്. പണം നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ കൊല്ലുമെന്നാണ് എല്ലാ സന്ദേശത്തിലും പറയുന്നത്. 20 കോടി രൂപയാണ് ആദ്യത്തെ സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. 200 കോടി രൂപ തന്നില്ലെങ്കില്‍ അംബാനിയെ വെടിവച്ച്‌ കൊല്ലുമെന്ന് രണ്ടാമത്തെ സന്ദേശത്തില്‍ പറയുന്നു.

ഒരേ ഇമെയില്‍ ഐഡിയില്‍ നിന്നാണ് ഈ സന്ദേശങ്ങളെല്ലാം എത്തിയിരിക്കുന്നതെന്ന് മുംബൈ പോലീസ് പറയുന്നു. ഷയാദ് ഖാൻ എന്നയാളാണ് ഈ ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബെല്‍ജിയത്തില്‍ നിന്നാണ് ഇമെയില്‍ അയച്ചിരിക്കുന്നത്. ആദ്യത്തെ സന്ദേശം വന്നതിന് പിന്നാലെ തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.മുകേഷ് അംബാനിയേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ഒരാളെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലുള്ള റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയില്‍ സ്‌ഫോടനം നടത്തുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.