ഗാസ: വടക്കൻ ഗാസയിലെ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രയേല്‍ ആക്രമണം. ജബാലിയ അഭയാര്‍ഥി ക്യാമ്പിലാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്.50-ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസ അധികൃതര്‍ അറിയിക്കുന്നത്. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ യഥാര്‍ഥ ചിത്രം വ്യക്തമല്ലെന്ന് ഇൻഡൊനീഷ്യൻ ആശുപത്രി ഡയറക്ടര്‍ അതീഫ് അല്‍ കഹ്ലൗത്ത് അറിയിച്ചു.

50-ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും 150 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് ഗാസ ആരോഗ്യമന്ത്രാലായം പ്രസ്താവനയില്‍ അറിയിച്ചത്. ഡസൻ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു.ഗാസയിലെഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബാലിയ. 2023 ജൂലായ് വരെ യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ 116,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 കെട്ടിടങ്ങളിലായി 26 ഓളം സ്കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍, ഒരു ലൈബ്രറി, ഏഴ് കിണറുകള്‍ ഏന്നിവ 1.4 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ക്യാമ്പ്.