കോഴിക്കോട്: പിന്നീട് പരിശോധിക്കുമ്ബോള്‍ അപഹാസ്യമായിപ്പോയ, കമ്പ്യൂട്ടർ മരം പോലെത്തെ ഒരുപാട് ബാലിശമായ സമരങ്ങള്‍ കണ്ടവരാണ് കേരളീയര്‍.ഇപ്പോഴിതാ അതുപോലെ മറ്റൊരു പരിഹാസ്യമായ സമരത്തിന് കേരളം വേദിയാവുകയാണ്. ഫലസ്തീൻ ജനതയെ ഫേസ്‌ബുക്ക് തമസ്‌ക്കരിക്കുന്നുവെന്ന് ആരോപിച്ച്‌ ഫേസ്‌ബുക്ക് ബഹിഷ്‌ക്കരിക്കാൻ ഒരുങ്ങുകയാണ് സി ആര്‍ നീലകണ്ഠന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍.

കേരളപ്പിറവി ദിനത്തില്‍ രാവിലെ 7 മുതല്‍ പത്തുവരെയാണ് പ്രതിഷേധം. ആ വാര്‍ത്തയും അവര്‍ അറിയിച്ചത് ഫലസ്തീൻ വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്നുവെന്ന് പറയുന്ന ഫേസ്‌ബുക്കിലുടെയാണ്! ഫ്്ളക്സ് നിരോധിക്കമെന്നാവശ്യപ്പെട്ട് ഫ്ളക്സ് അടിച്ച്‌ പ്രതിഷേധിക്കുന്നുപോലെ ബാലിശമായിപ്പോയി ഇതെന്ന് പറഞ്ഞ് സി ആര്‍ നീലകണ്ഠന്റെ പോസ്റ്റിന് കീഴെ പൊങ്കാലയാണ്. എഴുനൂറോളം കമന്റുകളുാണ് ഒറ്റ പോസ്റ്റിന് കീഴില്‍ സി ആര്‍ നീലകണ്ഠനെ പരിഹസിച്ചു കൊണ്ട് നിറഞ്ഞത്.

ഒന്നാമതായി തീര്‍ത്തും വ്യാജമായ വാര്‍ത്തകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഫേസ്‌ബുക്ക് ഫലസ്തീന് എതിരായ ഒരു വാര്‍ത്തയും തടഞ്ഞിട്ടില്ല. വയലൻസ് കണ്ടന്റ് ഉള്ളതും, വിദ്വേഷം ജനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ ഫേസ്‌ബുക്കിന്റെ പുതിയ അല്‍ഗോരിതം അനുസരിച്ച്‌ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആവും. ഗസ്സയിലെ കരളലിയിപ്പിക്കുന്ന പല ചിത്രങ്ങള്‍ക്കും ഇതാണ് സംഭവിക്കുന്നത്. അല്ലാതെ ഇസ്രയേലിനെ അനുകൂലിക്കുന്ന വാര്‍ത്തകളും വിവരങ്ങളും പ്രമോട്ട് ചെയ്യുകയോ, ഫലസ്തീൻ പ്രചാരണങ്ങള്‍ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്ന രീതി ഫേസ്‌ബുക്കിനില്ല. അങ്ങനെയാണെങ്കില്‍ ഫേസ്‌ബുക്ക് ഫലസ്തീൻ വിരുദ്ധര്‍ ആണെന്ന് ആരോപിച്ച്‌ നടത്തുന്ന ഈ ബഹിഷ്‌ക്കരണത്തിന്റെ പോസ്റ്റ് അവര്‍ മുക്കില്ലേ എന്നാണ് ചോദ്യം.