കൊച്ചി: ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച്‌ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാൻസ്വ്യക്തികള്‍ക്കൊപ്പം കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.മറ്റൊരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം സമാനമായിരുന്നു. വഴി നിഷേധിക്കരുതെന്നും താനും കേസ് കൊടുക്കുമെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തക നല്‍കിയ കേസിന്റെ കാര്യങ്ങള്‍ കോടതി കൈകാര്യം ചെയ്യുമെന്നും മറ്റൊന്നിലും പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രതികരണം നടത്തുന്നതിനിടെ അപമര്യാദയായി പെരുമാറിയതിന് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്.