28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും.വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും.വെള്ളിയാഴ്ച അഞ്ചു തിയറ്ററുകളിലായി 15 ചിത്രങ്ങളുടെ പ്രദര്‍ശനം മാത്രമാണുള്ളത്. അവസാനദിനമായതിനാല്‍ ചിത്രങ്ങള്‍ക്ക് റിസര്‍വേഷനില്ല. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്യുടെ ദായം, വിഘ്നേഷ് പി. ശശിധരന്റെ ഷെഹറസാദെ, ശരത്കുമാര്‍ വി.യുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടില്‍ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നീ ചിത്രങ്ങള്‍ക്കു പുറമേ ലില അവിലേസിന്റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റ്, ഫര്‍ഹാദ് ഡെലാറാം സംവിധാനം ചെയ്ത അക്കില്ലെസ് എന്നീ ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.

വൈകിട്ട് ആറു മണിയ്ക്കാണ് സമാപനച്ചടങ്ങ്. അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളും നെറ്റ് പാക്, ഫിപ്രസ്കി, കെ.ആര്‍. മോഹനൻ അവാര്‍ഡുകളും സമ്മാനിക്കും. ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. വി.കെ പ്രശാന്ത് എം.എല്‍.എയാണ് അധ്യക്ഷൻ.ചടങ്ങിന് മുന്നോടിയായി അഞ്ചു മണിക്ക് കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിൻഡ് ഓഫ് റിഥം’ എന്ന സംഗീതപരിപാടി അരങ്ങേറും