അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു.എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാണെന്നും നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭമുഹൂര്‍ത്തം വന്നെത്തിയിരിക്കുന്നതെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.ഒരുക്കങ്ങള്‍ വിലയിരുത്താൻ ആദിത്യനാഥ് ചൊവ്വാഴ്ച അയോധ്യയില്‍ എത്തിയിരുന്നു. ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാൻ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്ബയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുൻകൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി നിര്‍ദേശിച്ചു.

ജനുവരി 22ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കും. വ്യവസായ പ്രമുഖരും ചലച്ചിത്ര താരങ്ങളുമടക്കം സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ ഏഴായിരത്തിലേറെ പേര്‍ എത്തുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.