പോയവർഷത്തെ ഏറ്റവും മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച്‌ ഐസിസി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമില്‍ രോഹിത് ഉള്‍പ്പെടെ ആറ് ഇന്ത്യൻ താരങ്ങളുണ്ട്.വിരാട് കോലി, ശുഭ്മാൻ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് രോഹിത്തിനെ കൂടാതെ ഏകദിന ടീമില്‍ ഇടംനേടിയ ഇന്ത്യക്കാർ.ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും ആദം സാംപയുമാണ് ടീമിലെ ഓസീസ് താരങ്ങള്‍.കഴിഞ്ഞ കലണ്ടർ വർഷത്തില്‍ ഏകദിനത്തില്‍ 1584 റണ്‍സ് നേടിയ ശുഭ്മാൻ ഗില്ലാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി. 2023-ല്‍ 52 റണ്‍സ് ശരാശരിയില്‍ 1255 റണ്‍സ് നേടിയ രോഹിത്, ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചിരുന്നു. പോയവർഷം ആറ് സെഞ്ചുറികളടക്കം 1377 റണ്‍സടിച്ചുകൂട്ടിയ കോലിയും മിന്നും ഫോമിലായിരുന്നു. ലോകകപ്പിലെ താരവും കോലിയായിരുന്നു. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയ താരമാണ് ഷമി.