വാരി പുണർന്നിടാം ഒരു നല്ല നാളേയ്ക്കായ്
നന്മകൾ പൂത്തിടും പൂമ്പൊടികൾ
പല തര വർണ്ണങ്ങളാൽ തിളങ്ങീടുന്ന
ലോകമാം സൂര്യ വലയത്തിനുള്ളിൽ
സൂര്യനെ വെല്ലുന്ന കാൽ ചിലമ്പിനായ്
കാതുകൾ കൂർപ്പിച്ചു പോകാതെ നിന്നിടാം
ഈ പുതുപുലരിയിൽ കുളിരായ് മനസ്സിലായ്
നൽചിന്തയായൊഴുകി കാട്ടരുവി
ശുദ്ധവും ശീതവുമായ തെളിനീരാൽ
എൻ മനസ്സിൽ കുളിരായി നിൽപ്പൂ
ലോകമറിയാത്ത പാവം പെൺതരിയെ
പിച്ചി കീറാത്ത ലോകത്തിനായ്
തങ്കത്തിനായി തൻ രക്ത ബന്ധങ്ങളെ
കുത്തി മുറിക്കാത്ത സോദരനായിടാൻ
സ്ഥൈര്യമാം ജീവിതം സ്വപ്നത്തിലെന്നപോൽ
തൻ മക്കളെ ചേർക്കുന്നൊരമ്മയാകാൻ
മതാപിതാക്കളെ സ്നേഹിച്ചും സേവിച്ചും
അനുഗ്രഹപൂരിത മക്കളാകാൻ
വന്നിടും ദിനങ്ങളിൽ പൈതൃക ബന്ധത്തിൽ
ഒന്നിച്ചു നിൽക്കുന്ന കൂട്ടരാവാൻ
കത്തിജ്വലിക്കുന്ന വർഗ്ഗീയ നാട്യത്തിൽ
ദൈവീക ചൈതന്യ യുവത്വം നേടാൻ
വാരിപുണർന്നിടാം ഒരു നല്ല നാളേയ്ക്കായ്
നന്മകൾ പൂത്തിടും പൂമ്പൊടികൾ
…. ജോളി ജോസ്….


തൃശൂർ ജില്ലയിലെ മണലൂർ സെന്റ് തെരേസാസ് യു പി സ്കൂളിലെ അധ്യാപിക.